കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പഞ്ചായത്തിലെ പി. വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളേജ് ഹോസ്റ്റൽ മുറികൾ ഐസൊലേഷൻ വാർഡാക്കുന്നു. ജില്ലാ കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. പഞ്ചായത്ത് പ്രത്യേകം സജ്ജരാക്കിയ യുവജന സ്ക്വാഡും, ആരോഗ്യ പ്രവർത്തകരും, കൊടുങ്ങല്ലൂർ ഫയർഫോഴ്‌സും, മതിലകം പൊലീസും ചേർന്ന് മുറികൾ ശുചീകരിച്ച ശേഷം പഞ്ചായത്ത് സെക്രട്ടറി കെ.എസ് രാമദാസ് താക്കോൽ കസ്റ്റഡിയിൽ വാങ്ങി. കൊറോണ 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി അസ്മാബി കോളേജിൻ്റെ സഹകരണത്തോടെ ശ്രീനാരായണപുരം പഞ്ചായത്തിൻ്റെ നേതൃത്വത്തിലാണ് കോളേജിന്റെ ഹോസ്റ്റൽ ഐസൊലേഷൻ വാർഡാകുന്നത്. ഇതോടെ ഹോസ്റ്റലിലെ 80 ഓളം ബെഡുകളുള്ള 30 ഹോസ്റ്റൽ മുറികൾ ശുചീകരിച്ച് അണുവിമുക്തമാക്കി മാറ്റി. പ്രസിഡന്റ് സൗദ നാസർ, വൈ. പ്രസിഡന്റ് എം.എസ് മോഹനൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ. രഘുനാഥ്, ജയസുനിൽ രാജ്, ഫയർഫോഴ്സ് ഓഫീസർ പ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി. മതിലകം സർക്കിൾ ഇൻസ്പെക്ടർ പ്രേമാനന്ദ കൃഷ്ണനും, സബ്ബ് ഇൻസ്പെക്ടർ കെ.എസ് സൂരജും ഹോസ്റ്റൽ സന്ദർശിച്ചു...