തൃശൂർ : കൊറോണ കാലത്ത് എല്ലാവരും വീട്ടിനകത്ത് അടച്ചിരിക്കുമ്പോൾ ആതുരസേവന ദൗത്യവുമായി മൂന്നു വനിതകൾ താമസം ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. തെക്കുംകര പഞ്ചായത്തിലെ കരുമത്ര കുടുംബക്ഷേമ ഉപകേന്ദ്രത്തിലെ പബ്ലിക് ഹെൽത്ത് നഴ്‌സായ ഷിജിയും വീരോലിപ്പാടം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ലിബിനയും ആശാവർക്കർ ഗീതയുമാണ് താമസം മാറ്റിയത്.
കൊറോണ കാലത്ത് തിരക്കുപിടിച്ച ഔദ്യോഗിക ഉത്തരവാദിത്വങ്ങൾക്കിടയിൽ വീട്ടുകാര്യം കൂടി നോക്കാൻ ബുദ്ധിമുട്ടു വന്നതോടെ വീട്ടുകാര്യം വീട്ടിലെ മറ്റുള്ളവർക്ക് കൈമാറി സമൂഹത്തെ ശുശ്രൂഷിക്കാനും രക്ഷിക്കാനുമായി ഇറങ്ങിത്തിരിച്ചവരാണ് ഈ മൂന്നു പേരും. നിരവധി സ്ഥലങ്ങളിൽ നിരീക്ഷണത്തിലിരിക്കുന്നവരെ കാണണം, രാവിലെ ഇറങ്ങിയാൽ രാത്രി വരെ ഡ്യൂട്ടി... ഇതൊക്കെയായപ്പോഴാണ് വീട്ടിലേക്ക് പോകുന്നത് എളുപ്പമല്ലെന്ന് മനസിലായത്. വീട്ടിൽ ചെറിയ കുട്ടികളും പ്രായമായവരുമൊക്കെയുണ്ട്. കൊറോണ കാലത്ത് നാടായ നാടൊക്കെ അലഞ്ഞു തിരിഞ്ഞ് രാത്രി വീട്ടിൽ ചെന്നു കയറി രോഗം വീട്ടിലുള്ളവർക്ക് കൂടി നൽകേണ്ടെന്ന മുൻകരുതലും ഇതിന് പിന്നിലുണ്ടെന്ന് മൂവർ സംഘം പറഞ്ഞു.
കൊറോണ കേസുകൾ റിപ്പോർട്ടു ചെയ്തതു മുതൽ ഇവർ വിശ്രമമില്ലാതെ സേവനപാതയിലാണ്. പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ഇവർ എത്തുന്നു. അന്യസംസ്ഥാന തൊഴിലാളികളെ നിരീക്ഷിക്കുന്നു, പ്രതിരോധ നടപടികൾ കർശനമായി നടപ്പാക്കുന്നു. പഞ്ചായത്തംഗം രാജീവൻ തടത്തിലിന്റെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ ആരോഗ്യകേന്ദ്രത്തിൽ ഇവർക്കുള്ള അടിസ്ഥാന സൗകര്യം ഒരുക്കിയിട്ടുണ്ട്. രാവിലെ എഴുന്നേറ്റ് ഭക്ഷണം തയ്യാറാക്കി മൂവരും നാടിന്റെ ആരോഗ്യ സംരക്ഷണത്തിനിറങ്ങും. വിശപ്പൊന്നും പലപ്പോഴും അറിയാറില്ലെന്ന് മൂവർ സംഘത്തിന്റെ കമന്റ്.
വീട്ടിലേക്ക് പോകാതെ ആരോഗ്യകേന്ദ്രത്തിലെ പരിമിതമായ സൗകര്യങ്ങളിൽ ഒതുങ്ങിക്കൂടി അവർ നാളത്തെ കാര്യങ്ങൾ ചർച്ച ചെയ്യുകയാണ്. എവിടേക്കെല്ലാം പോകണം...ആരെയെല്ലാം കാണണം...അതിനിടെ ഫോണിൽ വീട്ടിലേക്ക് വിളിച്ച് വീട്ടുകാര്യങ്ങൾ കൈകാര്യം ചെയ്യുന്നു...വേഗം വരാട്ടോ എന്ന് ഫോണിനപ്പുറത്തെ കുഞ്ഞുവാവകൾക്ക് ആശ്വാസ വാക്ക്.