ചാലക്കുടി: പള്ളിപ്പാടം വഴി റോഡ് നിർമ്മിക്കാൻ നഗരസഭാ ബഡ്ജറ്റിൽ തുക വകയിരുത്തിയതിൽ ഭരണപക്ഷത്തും പ്രതിഷേധം. പള്ളിപ്പാടം വഴി റോഡ് നിർമ്മിക്കാനായി 25 ലക്ഷം രൂപയാണ് ഇത്തവണത്തെ ബഡ്ജറ്റിൽ വകയിരുത്തിയിരിക്കുന്നത്. ഇതിനെതിരെ ഭരണപക്ഷത്തെ ആറ് സി.പി.ഐ അംഗങ്ങളും കോൺഗ്രസിലെ 15 അംഗങ്ങളും വിയോജനക്കുറിപ്പ് നൽകി.
എന്നാൽ കോൺഗ്രസിലെ കെ.വി. പോൾ വിയോജനക്കുറിപ്പിൽ ഒപ്പിട്ടിട്ടില്ല. പള്ളിപ്പാടം വഴി റോഡ് നിർമ്മിക്കാനുള്ള നീക്കത്തിനെതിരെ നേരത്തെ ചില സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പള്ളിപ്പാടത്ത് വണ്ടിപ്പേട്ടയ്ക്കായുള്ള സ്ഥലം ഏറ്റെടുക്കുകയാണ് ആദ്യം വേണ്ടതെന്നും റോഡ് നിർമ്മാണം കഴിഞ്ഞാൽ സ്ഥലം ഏറ്റെടുക്കുമ്പോൾ ഭീമമായ തുക അധികം നൽകേണ്ടി വരുമെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.
പള്ളിപ്പാടത്ത് റോഡ് നിർമ്മിക്കാൻ ബഡ്ജറ്റിൽ ഫണ്ട് നീക്കിവച്ചിരിക്കുന്നത് ഭൂമാഫിയയെ സഹായിക്കാനാണെന്നാണ് സി.പി.ഐയുടെ ആരോപണം. എന്നാൽ സി.പി.ഐ അംഗങ്ങളായ ചില കൗൺസിലർമാരുടെ വാർഡുകളിൽ സമാന രീതിയിൽ നിർമ്മാണം നടന്നപ്പോൾ ഇപ്പോൾ ആരോപണം ഉന്നയിക്കുന്നവർ എവിടെയായിരുന്നുവെന്ന ചോദ്യം ഉയരുന്നത്.
പള്ളിപ്പാടം റോഡ്
നഗരത്തിലും മാർക്കറ്റിലും ഇപ്പോൾ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായാണ് പള്ളിപ്പാടം റോഡ് വിഭാവനം ചെയ്തത്. നിർദ്ദിഷ്ട പള്ളിപ്പാടം റോഡിന്റെ നിർമ്മാണം പൂർത്തിയായാൽ കിലോമീറ്ററുകൾ ലാഭിച്ച് ടൗണിൽ നിന്നും മേലൂർ ഭാഗത്തേക്ക് എളുപ്പത്തിൽ എത്താനാകും.
വിവാദ വഴിയിൽ
പള്ളിപ്പാടം റോഡ് നിർമ്മാണത്തിന് വകയിരുത്തിയത് - 25 ലക്ഷം രൂപ
വിയോജനക്കുറിപ്പ് നൽകിയത് സി.പി.ഐ, കോൺഗ്രസ് അംഗങ്ങൾ
കോൺഗ്രസിലെ കെ.വി. പോൾ വിയോജനക്കുറിപ്പിൽ ഒപ്പിട്ടില്ല
റോഡ് നിർമ്മാണം ഭൂമാഫിയയെ സഹായിക്കാനെന്ന് ആരോപണം