shaibu

തൃശൂർ/ ആലപ്പുഴ: മദ്യം ലഭിക്കാത്തതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്നലെ രണ്ടുപേർ ആത്മഹത്യ ചെയ്തു. തൃശൂർ പാറളം വെങ്ങിണിശ്ശേരി കുന്നംകട വീട്ടിൽ ഷൈബുവിനെ (46) യും ആലപ്പുഴ പുതുപ്പള്ളി ഗോവിന്ദമുട്ടം ശാസ്താനടപടീറ്റതിൽ രമേശനെ (40) യുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മദ്യാസക്തിയുള്ളവരായിരുന്നു ഇരുവരും.

ലോക്ക്ഡൗണിനെ തുടർന്ന് മദ്യശാലകൾ പൂട്ടിയതോടെ നിർമ്മാണ തൊഴിലാളിയായ ഷൈബു മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു.

തുടർന്ന് സ്വകാര്യ ക്ളിനിക്കിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ മുതൽ ഇയാളെ കാണാതായി. ഇതോടെ വീട്ടുകാർ ചേർപ്പ് പൊലീസിൽ പരാതി നൽകി. ഇന്നലെ രാവിലെ വെങ്ങിണിശേരി ആശ്രമത്തിന് സമീപം തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മദ്യം ലഭിക്കാത്തതു മൂലമുണ്ടായ മാനസിക പ്രശ്‌നമാണ് മരണകാരണമെന്ന് സംശയിക്കുന്നതായി പൊലീസും നാട്ടുകാരും പറയുന്നു.ഭാര്യ: സിജി. മക്കൾ: ജോയൽ, ദിയ.

സ്ഥിരമായി മദ്യം കഴിച്ചിരുന്ന രമേശന് മദ്യം ലഭിക്കാതെ വന്നതിനെ തുടർന്ന് അസ്വസ്ഥതയും വിറയലും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. മദ്യത്തിനായി പലരെയും സമീപിച്ചിരുന്നെങ്കിലും ലഭിച്ചില്ല. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സിന്ധു. മകൻ: അദ്വൈത്.