തൃശൂർ: ജില്ലയിൽ 26.94 കോടി രൂപ സാമൂഹിക സുരക്ഷ പെൻഷൻ വിതരണം ചെയ്തു. 1,11,069 ഗുണഭോക്താക്കൾക്കാണ് ഇത് വരെ പെൻഷൻ ലഭിച്ചത്. തൃശൂർ താലൂക്കിൽ 25,707പേർക്കും, കൊടുങ്ങല്ലൂർ 7,610, കുന്നംകുളം 12,395, തലപ്പിള്ളി 19,578, മുകുന്ദപുരം 20,760, ചാവക്കാട് 9,748, ചാലക്കുടി 15,271 എന്നിങ്ങനെയാണ് പെൻഷൻ ലഭിച്ചവർ. കർഷകതൊഴിലാളി പെൻഷൻ, വാർദ്ധക്യകാല പെൻഷൻ, വികലാംഗ പെൻഷൻ, അവിവാഹിതരായ അമ്മമാരുടെ പെൻഷൻ, വിധവ പെൻഷൻ എന്നീ ക്ഷേമപെൻഷനുകളാണ് വിതരണം ചെയ്ത് തുടങ്ങിയത്. ജില്ലയിൽ 2,20,000 ഗുണഭോക്താക്കൾക്ക് ക്ഷേമപെൻഷൻ പ്രയോജനപ്പെടും. സാമൂഹിക ക്ഷേമ പെൻഷൻ നൽകുന്നതിനായി സഹകരണ സംഘങ്ങളിൽ നിന്നും ഫണ്ട് സ്വരൂപിക്കുകയും സംസ്ഥാനതലത്തിൽ ഒരു കൺസോർഷ്യം രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. പെൻഷൻ നൽകുന്നതിനായി ജില്ലയിൽ നിന്നും ഇതുവരെ 300 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. സഹകരണ ബാങ്കുകളിൽ 981 കളക്ഷൻ ഏജന്റുമാർ വഴിയാണ് തുക വിതരണം ചെയ്യുന്നത്. എല്ലാവർക്കും വീടുകളിൽ ചെന്ന് നേരിട്ട് വിതരണം ചെയ്യുകയാണ് ഏജന്റുമാർ ചെയ്യുന്നത്.