ചെറുതുരുത്തി: കേരളീയ കലകളെ അടുത്തറിയുന്നതിനും കലാ പഠനം നടത്തുന്നതിനുമായി സംസ്ഥാനത്തെത്തിയ വിദേശ ദമ്പതികളിപ്പോൾ കാർഷിക രീതികൾ പഠിക്കുന്ന തിരക്കിലാണ്. വിദേശികളായ അലക്‌സാണ്ടർ റോസ (56), മെർലീന നൂനസ് (35) എന്നിവരാണ് സർക്കാരിന്റെ ലോക്ക് ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് തങ്ങൾ താമസിക്കുന്ന ഷൊർണൂരിലെ വാടക വീടിനോടു ചേർന്ന സ്ഥലത്ത് കാർഷിക രീതികൾ പരീക്ഷിക്കുന്നത്.
ഇതിനായി പലതരം വിത്തുകളും ഇവർ ശേഖരിച്ചിരുന്നു. ഇവിടെ നിൽക്കുന്നില്ല ഈ ദമ്പതികളുടെ പ്രവർത്തനങ്ങൾ. കിളികൾക്കും വിവിധയിനം പക്ഷികൾക്കും തെരുവുനായ്ക്കൾ അടക്കമുള്ള ജീവികൾക്ക് വെള്ളവും ഭക്ഷണവും ഇവർ നൽകുന്നുണ്ട്. മെർലിൻ നൂനസ് ബ്രസീൽ മിനിസ്ട്രി ഒഫ് കൾച്ചറിലെ തിയ്യേറ്റർ ആർട്ടിസ്റ്റും അവാർഡ് വിന്നറുമാണ്.
മെക്‌സിക്കോ, ഡെൻമാർക്ക് തുടങ്ങി നിരവധി രാജ്യങ്ങൾ സന്ദർശിച്ച ഇരുവരും ഫെബ്രുവരി ആറിനാണ് കേരളത്തിലെത്തിയത്. ഒരു വർഷത്തേക്കാണ് ഇവർ വാടകയ്ക്ക് വീട് എടുത്തിട്ടുള്ളത്. മണ്ണിൽ പണിയെടുക്കുന്ന ശീലം മറന്ന മലയാളിക്ക് മാതൃകയായി മാറുകയാണ് ഈ ദമ്പതികൾ.