തൃശൂർ: കൊറോണ പ്രതിരോധപ്രവർത്തനങ്ങൾക്കായി സ്വന്തം ജീവൻ തൃണവത്കരിച്ച് സേവനം നടത്തുന്ന ആരോഗ്യ പ്രവർത്തകർക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ 50 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷ പൊലീസ് സേനയ്ക്കും അവശ്യ സർവ്വീസ് ജീവനക്കാർക്കും അനുവദിക്കണമെന്ന് ടി.എൻ. പ്രതാപൻ എം.പി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൗൺ യാഥാർത്ഥ്യമാക്കുന്നതിന് രാവും പകലും വ്യത്യാസമില്ലാതെ കടുത്ത വേനൽച്ചൂടിൽ യാതൊരു സുരക്ഷാ ഉപകരണങ്ങളില്ലാതെ ഡ്യൂട്ടി ചെയ്യുന്ന പൊലീസ് സേനയ്ക്ക് അസുഖം വരുന്നതിനുള്ള സാദ്ധ്യത വളരെയേറെയാണ്. റവന്യൂ, തദ്ദേശ സ്വയം ഭരണ വകുപ്പ്, സിവിൽ സപ്ലൈസ് വകുപ്പ്, വാട്ടർ അതോറിറ്റി, ഇലക്ട്രിസിറ്റി തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാരും ഇതേ അവസ്ഥയിലൂടെയാണ് സേവനം ചെയ്തുവരുന്നത്.