തൃശൂർ: കുടുംബശ്രീ വായ്പയ്ക്ക് അപേക്ഷകരുടെ എണ്ണം മൂന്നേകാൽ ലക്ഷം കവിഞ്ഞു. ജില്ലയ്ക്ക് മാത്രം ആവശ്യമുള്ളത് 650 കോടിയോളം രൂപ. കൊറോണയെ തുടർന്ന് ഉണ്ടായ സാമ്പത്തിക പ്രതിസന്ധി മറിക്കടക്കാനാണ് സർക്കാർ കുടുംബശ്രീ അംഗങ്ങൾക്ക് പലിശ രഹിത വായ്പ പ്രഖ്യാപിച്ചത്. എന്നാൽ നിലവിൽ അപേക്ഷകരുടെ എണ്ണം വർദ്ധിച്ചതോടെ നൽകാമെന്ന് പറഞ്ഞ തുക വെട്ടിച്ചുരുക്കുകയോ നിബന്ധനകൾ കർശനമാക്കുകയോ ചെയ്യേണ്ട അവസ്ഥയിലാണ്.
ഓഡിറ്റ് പൂർത്തീകരിച്ചിട്ടില്ലാത്ത കുടുംബശ്രീകളെ ഒഴിവാക്കുമെന്ന സൂചനയുമുണ്ട്. സർക്കാർ കുടുംബശ്രീ വഴി വായ്പ നൽകാൻ മാറ്റി വച്ചിരിക്കുന്നത് സംസ്ഥാനത്ത് ഒട്ടാകെ 2000 കോടി രൂപ മാത്രമാണ്. ഒരോ അംഗത്തിനും 20000 രൂപ വായ്പ നൽകാണ് തീരുമാനം. ഇതുപ്രകാരം സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച ഉടൻ ഓരോ കുടുംബശ്രീകളിൽ നിന്നും ജില്ലാ കുടുംബശ്രീ മിഷൻ ആവശ്യമുള്ള വായ്പയുടെ കണക്കെടുത്തിരുന്നു.
ഒമ്പത് ശതമാനം പലിശയാണ് അംഗങ്ങളിൽ നിന്ന് ഈടാക്കേണ്ടത്. ഇത് സർക്കാർ അടയ്ക്കുന്നതോടെ കുടുംബശ്രീ അംഗങ്ങൾക്ക് പലിശ നൽകേണ്ടി വരില്ല. പണം നൽകുമ്പോൾ പലിശ പിടിച്ച ശേഷം അടവ് പൂർത്തിയാകുമ്പോൾ സബ്സിഡിയായി നൽകാനാണ് സർക്കാർ ലക്ഷ്യമെന്ന് അറിയുന്നു. ഇത് സംബന്ധിച്ച വ്യക്തമായ ഉത്തരവ് ഇതുവരെയും ലഭിച്ചിട്ടില്ല. ആവശ്യമായ തുക എത്രയാണെന്ന് അറിയിക്കാനാണ് ഓരോ ജില്ലകളോടും ആവശ്യപ്പെട്ടിരിക്കുന്നത്.
അതേ സമയം കേന്ദ്രസർക്കാർ കുടുംബശ്രീകൾക്ക് നൽകുന്ന വായ്പാ പരിധി 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷമായി ഉയർത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച ഉത്തരവും നിബന്ധനകളും വന്നതിന് ശേഷം മാത്രമേ വായ്പ നൽകുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകൂ. 15 മുതൽ 20 വരെ അംഗങ്ങൾ വരെയാണ് ഒരോ കുടുംബശ്രീയിലുമുള്ളത്.
ജില്ലയിൽ ആകെ കുടംബശ്രീ യൂണിറ്റുകളുടെ എണ്ണം- 24850
വായ്പയ്ക്ക് അപേക്ഷിച്ച യൂണിറ്റുകളുടെ എണ്ണം- 23199
ആകെ അപേക്ഷകരായ കുടുംബശ്രീ അംഗങ്ങളുടെ എണ്ണം- 302615
ആവശ്യമുള്ള തുക- 649 കോടി