തൃശൂർ: നിരത്തുകളിൽ അനാവശ്യ കറക്കക്കാരുടെ എണ്ണം വളരെയധികം കുറഞ്ഞെങ്കിലും സഹകരണ സംഘങ്ങളിലും ബാങ്കുകളിലും പെൻഷൻ വാങ്ങാൻ എത്തുന്നവരുടെ എണ്ണം കൂടിവരുന്നത് പൊലീസിന് തലവേദന സൃഷ്ടിക്കുന്നു. വരുന്നവർ എല്ലാം മുതിർന്നവരായതിനാൽ അവരെ പറഞ്ഞ് മനസിലാക്കാനുള്ള ബുദ്ധിമുട്ടുകളും നിലവിലുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പെൻഷൻ വാങ്ങാൻ വാഹനങ്ങളിൽ വരുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. പെൻഷൻ വാങ്ങാൻ വരുന്നവരോട് സമൂഹിക അകലം പാലിക്കണമെന്ന നിർദ്ദേശവും നൽകിട്ടുണ്ട്. ഇതിനു പുറമേ ഇന്ന് മുതൽ സൗജന്യ റേഷൻ നൽകുന്നത് ആരംഭിക്കുകയാണ്. ലോക്ഡൗൺ നിർദ്ദേശങ്ങൾ പാലിച്ച് വേണം ചെയ്യേണ്ടെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്.
ട്രഷറികൾ നാളെ തുറക്കും
ട്രഷറികൾ നാളെ മുതൽ തുറന്ന് പ്രവർത്തിക്കുന്നതോടെ വാഹനങ്ങളുടെ എണ്ണവും കൂട്ടം ചേരുന്നവരുടെ എണ്ണവും വർദ്ധിക്കും. ഇത് ഒഴിവാക്കാനായി ട്രഷറികൾക്ക് മുന്നിൽ മാർക്ക് ചെയ്യണമെന്ന് പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ വെയിൽ കൊള്ളാതിരിക്കാൻ ഷാമിയാന പോലുള്ള പന്തലും കുടിവെള്ളവും കൈകൾ കഴുകുന്നതിനുള്ള സജ്ജീകരണവും ഏർപ്പെടുത്തണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണർ പി. ആദിത്യ പറഞ്ഞു.