kadafarm

എരുമപ്പെട്ടി സ്വദേശിനിയായ കാടകർഷക ബിജിബേബി ഫാമിൽ

എരുമപ്പെട്ടി: ലോക്ക് ഡൗണിൽ ലോക്കായി കാട കർഷകർ. കാട തീറ്റ ആവശ്യത്തിന് ലഭിക്കാത്തതും വൻ വില നൽകേണ്ടി വരുന്നതും കർഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പല കർഷകരും കാട കൃഷി ഉപേക്ഷിക്കാനുള്ള തീരുമാനത്തിലുമെത്തി.

മറ്റു പക്ഷി തീറ്റകളിൽ നിന്നും വ്യത്യസ്തമാണ് കാടതീറ്റ. പൗൾട്രി ഫാമുകൾ വഴി വിതരണം നിലച്ചതോടെ നിർമ്മാണ കേന്ദ്രങ്ങളിൽ നിന്ന് വൻ വില കൊടുത്താണ് നിലവിൽ തീറ്റ വാങ്ങിയിരുന്നത്. ലോക്ക് ഡൗണിൽ തീറ്റ ആവശ്യത്തിന് ലഭിക്കാതിരിക്കുകയും വില ഇരട്ടിയായി ഉയരുകയും ചെയ്തു. ഭൂരിഭാഗം കടകളും അടഞ്ഞ് കിടക്കുന്നതിതാൽ കാടമുട്ടയുടെ വിൽപ്പന നടക്കാത്ത സാഹചര്യവുമാണ്. ഓരോ കർഷകൻ്റെ പക്കൽ 2000, 4000 എന്ന കണക്കിലാണ് മുട്ടകൾ ചെലവാകാതെ കെട്ടിക്കിടക്കുന്നത്. വിപണനം കുറഞ്ഞതോടെ കർഷകർ കാടകളെ വിറ്റ് ഒഴിവാക്കുകയാണ്. മാമ്പ്ര പറപ്പൂക്കാരൻ ഡേവീസ് 3000 കാടകളെ നിസാര വിലയ്ക്ക് വിറ്റഴിച്ചു. ഒരു കാടയ്ക്ക് നാൽപതും, അമ്പതും രൂപ വില ലഭിച്ചിരുന്നിടത്ത് പത്തും, ഇരുപതും രൂപയ്ക്കാണ് പല കർഷകരും വിറ്റൊഴിവാക്കി ഫാം കാലിയാക്കുന്നത്. ബാങ്കുകളിൽ നിന്നും കുടുംബശ്രീയിൽ നിന്നും വായ്പയെടുത്താണ് ഭൂരിഭാഗം കർഷകരും കാട കൃഷി ചെയ്തിരിക്കുന്നത്. തീറ്റ ഉടൻ ലഭ്യമാക്കാനും കർഷകരെ സംരക്ഷിക്കാനും സർക്കാർ നടപടി സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.