കൊടുങ്ങല്ലൂർ: ലോക്ക് ഡൗണിന്റെ ഭാഗമായി കേരള സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണത്തിന്റെ ക്രമീകരണങ്ങൾക്കായി അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എയുടെയും ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എയുടെയും അദ്ധ്യക്ഷതയിൽ വത്യസ്ത യോഗങ്ങൾ നടന്നു. നഗരസഭാ പ്രദേശത്തെ സൗജന്യ റേഷൻ വിതരണത്തിന്റെ ക്രമീകരണങ്ങൾക്കായി കൗൺസിൽ ഹാളിൽ ചേർന്നപ്പോൾ കയ്പമംഗലം മണ്ഡലത്തിലെ പഞ്ചായത്തുകളിലെ ക്രമീകരണങ്ങൾക്കായുള്ള യോഗം മതിലകം ബ്‌ളോക്ക് ഹാളിൽ നടന്നു.

റേഷൻ വ്യാപാരി സംഘടനാ പ്രതിനിധികളും ജനപ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പിന്റെ നിബന്ധനകൾ കർശനമായി പാലിച്ചാകണം വിതരണമെന്ന് തീരുമാനിച്ചു. അന്ത്യോദയ കാർഡുകൾക്ക് 30 കിലോ അരിയും 5 കിലോ ഗോതമ്പും, പിങ്ക് മുൻഗണനാ കാർഡുകൾക്ക് ഒരാൾക്ക് 4 കിലോ അരിയും ഒരു കിലോ ഗോതമ്പും, നീല, വെള്ള കാർഡുകൾക്ക് 15 കിലോ അരിയുമാണ് വിതരണം ചെയ്യുക.

റേഷൻ കടയിൽ ഒരു മീറ്റർ അകലത്തിൽ ശാരീരിക അകലം പാലിച്ചുകൊണ്ടും ഹാൻഡ് വാഷിംഗ് മുതലായ സുരക്ഷാ സജ്ജീകരണങ്ങൾ ഉറപ്പുവരുത്തിയും മാത്രമേ ആളുകളെ നിറുത്താൻ പാടുള്ളു. ജനങ്ങൾ പരമാവധി മാസ്‌ക് ധരിച്ച് വേണം കടയിലെത്താൻ. ഹാൻഡ് വാഷിനുള്ള സൗകര്യം കടക്കാരൻ ഏർപ്പെടുത്തണം. രാവിലെ 35 പേർക്കും ഉച്ചകഴിഞ്ഞ് 35 പേർക്കും എന്നതരത്തിൽ ഒരു ദിവസം പരമാവധി 70 പേർക്ക് മാത്രമായി വിതരണം പരിമിതപ്പെടുത്തും. ഇത് പ്രകാരം കടയിൽ എത്തുന്നവർക്ക് ടോക്കൺ നൽകണം.

റേഷൻ കടയുടെ സീൽ പതിപ്പിച്ച ടോക്കണിൽ അഞ്ചുമിനിട്ട് ഇടവിട്ട സമയം രേഖപ്പെടുത്തിയിരിക്കണം. ഒരു ദിവസം പരമാവധി 140 ടോക്കണുകൾ മാത്രമേ ഒരു കടയിൽ നിന്നും വിതരണം ചെയ്യൂ. ടോക്കണുകൾ കൗൺസിലർ / വാർഡ് അംഗം ഏർപ്പെടുത്തുന്ന വാളണ്ടിയർമാർ വിതരണം ചെയ്യണം. ടോക്കൺ ലഭിച്ചവർ യാതൊരു കാരണവശാലും കടയുടെ പരിസരത്ത് കൂടി നിൽക്കാൻ പാടില്ല. അവരവർക്ക് അനുവദിച്ച സമയത്ത് മാത്രമേ കടയിലേക്ക് എത്താവൂ. ടോക്കണുകൾ കാർഡുടമ സജ്ജമാക്കി വയ്കണം.

കാർഡിന്റെ തരമനുസരിച്ച് ആദ്യ 70 പേർ മാത്രമേ ഒരു ദിവസം കടയിൽ ഏത്തിച്ചേരുന്നുള്ളൂ എന്നത് ബന്ധപ്പെട്ട കൗൺസിലർമാരും വളണ്ടിയർമാരും ഉറപ്പാക്കണം. രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ 35 ചുവപ്പ്, മഞ്ഞ കാർഡുടമകൾക്ക് (മുൻഗണന വിഭാഗം) മാത്രമായിരിക്കും സൗജന്യ റേഷൻ വിതരണം. ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് അഞ്ച് വരെ 35 നീല, വെള്ള കാർഡ് (മുൻഗണനേതരം – എൻ.പി.എൻ.എസ്., എൻ.പി.എസ്.) ഉടമകൾക്ക് മാത്രമായിരിക്കും സൗജന്യ റേഷൻ വിതരണം. കാർഡുടമകൾ രാവിലെ 9 മണിക്ക് മാത്രമേ കടയുടെ സമീപത്തേക്ക് വരാൻ പാടുള്ളൂ.

വീടുകളിൽ ക്വാറന്റൈനിൽ കഴിയാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നവർ യാതൊരു കാരണവശാലും റേഷൻ വാങ്ങുന്നതിനായി പുറത്തിറങ്ങാൻ പാടുള്ളതല്ല. അവർക്കുള്ള റേഷൻ വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ വീട്ടിൽ എത്തിച്ച് നൽകും. അവരുടെ കാർഡ് നമ്പർ വാങ്ങി കൗൺസിലർമാരുടെ നേതൃത്വത്തിൽ കടയിൽ തന്നെ തയ്യാറാക്കുന്ന പായ്ക്കറ്റിൽ വളണ്ടിയർമാർ റേഷൻ വീട്ടിൽ എത്തിച്ച് നൽകണം. വീട്ടിൽ നിന്നും കാർഡോ, സഞ്ചിയോ വാങ്ങുവാൻ പാടുള്ളതല്ല.