തൃശൂർ: കൊറോണ വ്യാപനത്തിനെതിരെ ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നടപടികളിൽ തൃശൂരിലെ അന്യസംസ്ഥാന തൊഴിലാളികൾ സംതൃപ്തർ. കൊടകരയിലെ തൊഴിലാളി ക്യാമ്പുകൾ സന്ദർശിച്ച ശേഷം കളക്ടർ ഷാനവാസ് പറഞ്ഞു. തൊഴിലാളികൾക്കാവശ്യമായ ആരോഗ്യ സാമൂഹിക സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താൻ അതത് പഞ്ചായത്തുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കാര്യക്ഷമമായാണ് ഇക്കാര്യത്തിൽ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇടപെടുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നടപടികളിൽ തൊഴിലാളികൾ സംതൃപ്തരായത് കൊണ്ടാണ് ജില്ലയിൽ അവർക്കിടയിൽ നിന്ന് അസ്വസ്ഥതകൾ ഉയരാത്തതെന്നും കളക്ടർ പറഞ്ഞു. അഗതികളെ പാർപ്പിച്ചിരിക്കുന്ന ക്യാമ്പുകളും കളക്ടർ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. തൃശൂർ ഗവ. ബോയ്‌സ്, ഗേൾസ് സ്‌കൂളിലെ ക്യാമ്പുകളാണ് അദ്ദേഹം സന്ദർശിച്ചത്.
ക്യാമ്പുകളിൽ ഫോംഗിംഗ് നടത്താനും നിത്യവും അന്തേവാസികളുടെ കണക്കെടുക്കാനും കളക്ടർ നിർദ്ദേശിച്ചു. തുടർന്ന് ക്യാമ്പ് അംഗങ്ങൾക്ക് ഭക്ഷണം പാചകം ചെയ്യുന്ന തോപ്പിൽ സ്‌കൂളിലെ സമൂഹ അടുക്കളയും അദ്ദേഹം സന്ദർശിച്ചു. ജില്ലയിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളും സമൂഹവ്യാപനം തടയാനുളള മുന്നൊരുക്കങ്ങളും കാര്യക്ഷമമാണെന്നും കളക്ടർ അറിയിച്ചു.