തൃശൂർ: സൗജന്യ റേഷൻ വിതരണം ഇന്ന് മുതൽ തുടങ്ങും. ആരോഗ്യ വകുപ്പ് നിഷ്‌കർഷിച്ച മുഴുവൻ നിർദ്ദേശങ്ങളും നിർബന്ധമായും പാലിക്കണം. ഒരേസമയം ഒരു റേഷൻകടയിൽ അഞ്ചിൽ കൂടുതൽ ആളുകൾ ക്യൂ നിൽക്കാൻ പാടില്ല. ഒരു മീറ്റർ അകലം പാലിച്ചാവണം ആളുകൾ റേഷൻ വാങ്ങാൻ വരി നിൽക്കേണ്ടത്.

റേഷൻ കടയുടെ പരിസരത്തുള്ള നാലു വാർഡുകളിൽ നിന്നുളള കാർഡുടമകൾ ഉണ്ടെങ്കിൽ ഓരോ വാർഡിൽ നിന്ന് പരമാവധി 15 എ.എ.വൈ/പി.എച്ച്.എച്ച് (മഞ്ഞ/പിങ്ക്) കാർഡുടമകൾ ഓരോ മണിക്കുറിലും കടയിലെത്തി റേഷൻ വാങ്ങുന്നതിന് സമയം ക്രമീകരിക്കണം. മഞ്ഞ, പിങ്ക് കാർഡ് ഉള്ളവർക്ക് രാവിലെ 9 നും ഉച്ചയ്ക്ക് ഒരു മണിക്കും ഉള്ളിലായി 60 കാർഡുമടകൾക്ക് റേഷൻ വാങ്ങാം. ഇതിനായി വാർഡ് മെമ്പർമാരുടെയും വളണ്ടിയാർമാരുടെയും സഹായം സ്വീകരിക്കാം.

നീല, വെള്ള കാർഡുടമകൾക്ക് (എൻ.പി.എസ്/എൻ.പി.എൻ.എസ്) വാർഡ് തലത്തിൽ എണ്ണം ക്രമീകരിച്ച് ഉച്ചയ്ക്ക് രണ്ടുമുതൽ വൈകിട്ട് അഞ്ച് വരെ റേഷൻ നൽകാം. ഇപ്രകാരം സമയം ക്രമീകരിക്കുമ്പോൾ അറിയാതെ ആരെങ്കിലും റേഷൻ വാങ്ങാൻ എത്തിയാൽ ആ കാർഡ് ഉടമയെ ബുദ്ധിമുട്ടിക്കാതെ വിധത്തിൽ വിതരണം ക്രമീകരിക്കണം. കഴിയുന്നതും ആരെയും തിരിച്ചയക്കാൻ പാടില്ല.

റേഷൻ വിതരണം സുഗമമാക്കുന്നതിന് തിരക്ക് നിയന്ത്രിക്കാൻ അതത് എംഎൽഎമാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷൻമാർ, ജനപ്രതിനിധികൾ, സന്നദ്ധ വളണ്ടിയർമാർ എന്നിവർ നേതൃത്വം നൽകണം. എല്ലാ ഗുണഭോക്താക്കൾക്കും സൗജന്യ റേഷൻ നൽകുന്ന ഭക്ഷ്യധാന്യങ്ങൾ സ്റ്റോക്കുണ്ട്. റേഷൻ വിഹിതം ലഭിക്കാത്ത സാഹചര്യം ഒരുകാരണവശാലും ഉണ്ടാകില്ല.

റേഷൻ വിതരണം സുഗമമാക്കുന്നതിന് മാറ്റങ്ങൾ ആവശ്യമാണെങ്കിൽ താലൂക്ക് സപ്ലൈ ഓഫീസർമാർ, റേഷനിംഗ് ഇൻസ്‌പെക്ടർമാർ, ജനപ്രതിനിധികൾ എന്നിവർ ചർച്ച ചെയ്ത് തീരുമാനിക്കാവുന്നതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.