തൃശൂർ: ഡോക്ടറുടെ കുറിപ്പടിയിൽ മദ്യം ആവശ്യപ്പെട്ട് ജില്ലയിൽ ആദ്യദിനത്തിൽ എത്തിയത് മൂന്നുപേർ. കോലഴി റേഞ്ചിൽ രണ്ടുപേരും ചാലക്കുടിയിൽ ഒരാളും അടക്കമാണ് മൂന്നുപേർ ഡോക്ടറുടെ കുറിപ്പടിയിൽ മദ്യം വാങ്ങാൻ എത്തിയത്. എന്നാൽ ഇവർക്ക് ചൊവ്വാഴ്ച മദ്യം നൽകാനായില്ല. സംസ്ഥാന ബിവറേജസ് കോർപറേഷന്റെ ഏത് ഷോപ്പുകളിലൂടെ നൽകുമെന്ന കാര്യത്തിൽ കോർപറേഷൻ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. ഡ്രൈ ഡേ ആയതിനാൽ ബുധനാഴ്ചയും മദ്യം നൽകാനാകില്ല. വ്യാഴാഴ്ച കോർപറേഷൻ അറിയിക്കുന്ന പ്രകാരമുള്ള ഷോപ്പിലേക്ക് കുറിപ്പടി തന്നവർക്ക് എക്‌സൈസ് പെർമിറ്റ് നൽകും.
ഒരാൾക്ക് ഒരാഴ്ച മൂന്നു ലിറ്റർ മദ്യം നൽകുന്നതിനാണ് ധാരണ. ഇതിനായി ഒരു താലുക്കിൽ ഒരു ബിവറേജസ് ഷോപ്പ് തുറക്കും. ഏത് ഷോപ്പ് തുറക്കുമെന്ന കാര്യത്തിൽ കോർപറേഷൻ തീരുമാനം എടുക്കും. അതിനിടെ ചാലക്കുടി സർക്കാർ വിമുക്തി ആശുപത്രിയിൽ 18 പേർ ഇതുവരെ മദ്യാസക്തി ചികിത്സയ്ക്ക് എത്തി. ഇവിടെ 10 കിടക്കയാണുള്ളത്. മദ്യം കിട്ടാതെ അക്രമാസക്തരായ അഞ്ചുപേരെ സ്വകാര്യ വിമുക്തി സെന്ററുകളിലും പ്രവേശിപ്പിച്ചിട്ടുണ്ട്. തൃശൂർ ഗവ. മെഡിക്കൽ കോളജിലും ഇത്തരക്കാർ ചികിത്സ തേടി എത്തുന്നുണ്ട്.