parking

കല്ലമ്പലം: കല്ലമ്പലം ജംഗ്ഷനിൽ പല ഭാഗത്തും പൊലീസിന്റെ നോപാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതിനൊക്കെ പുല്ലുവില നൽകി ബോർഡിന് ചുവട്ടിൽ പോലും തോന്നും പടിയാണ് വാഹനങ്ങളുടെ പാർക്കിംഗ്. നിത്യവും നിരവധി തവണ ഇതുവഴി കടന്നു പോകുന്ന പൊലീസ് ഇതൊക്കെ കണ്ടിട്ടും കണ്ടില്ലെന്ന് നടക്കുന്നതായും ആക്ഷേപമുണ്ട്. പാർക്കിംഗ് ചെയ്യുന്നതിനായി മറ്റ് സംവിധാനമൊരുക്കിയാൽ മാത്രമേ കല്ലമ്പലത്തെ ഗതാഗതകുരുക്കിന് ശാശ്വത പരിഹാരമാകൂ.

തിരക്കേറിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിൽ പോലും ഇപ്പോൾ പേടിയില്ലാതെ കാറുകളും ഓട്ടോയുമടക്കമുള്ള വാഹനങ്ങൾ മണിക്കൂറുകളോളം ഗതാഗത തടസമുണ്ടാക്കി പാർക്കു ചെയ്യുന്നുണ്ട്. വൈകുന്നേരങ്ങളിൽ പിക്കപ്പിലെത്തുന്ന മത്സ്യ വില്പനക്കാരും ഇവിടെ നിറുത്തി കച്ചവടം നടത്തുകയാണ്. ധാരാളം വാഹനങ്ങൾ കടന്നുപോകുന്ന കല്ലമ്പലം ടൗൺ തികച്ചും അശാസ്ത്രീയമായ രീതിയിലാണ് നിർമിച്ചിട്ടുള്ളതെന്ന്‍ നാറ്റ്പാക്കിന്റെ വിശദമായ പഠനത്തിൽ തെളിഞ്ഞതാണ്. ദേശീയ പാതയെ വേർതിരിക്കുന്ന ഡിവൈഡറുകൾ പോലും ഇടുങ്ങിയ ടൗണിന് ചേരും വിധത്തിലല്ല നിർമിച്ചിരിക്കുന്നതെന്നും വലിയ അപകടസാദ്ധ്യയാണുള്ളതെന്നും അനധികൃത പാർക്കിംഗ് കഴിവതും ജംഗ്ഷനിൽ നിന്നു മാറ്റാനുള്ള നടപടികൾ വേണമെന്നുമാണ് പഠനം ചൂണ്ടിക്കാട്ടിയിട്ടുള്ളത്‌. ദേശീയപാത വികസിപ്പിച്ചതിന് ശേഷം മാത്രമേ സിഗ്നൽ സംവിധാനം പോലും കഴിയൂവെന്ന തീരുമാനമാണ് നാലുമാസം മുൻപ് നാറ്റ്പാക്ക് നടത്തിയ സർവേയിലൂടെ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നത്. ഇതൊക്കെ അറിയുന്ന പൊലീസ് കുരുക്കഴിക്കാതെ കുരുക്കുണ്ടാക്കുന്നതായാണ് ആക്ഷേപം. കല്ലമ്പലത്തെ അനധികൃത പാർക്കിംഗ് അവസാനിപ്പിക്കാൻ അധികൃതരുടെ ഭാഗത്ത് നിന്ന് ശക്തമായ നടപടികൾ ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.