കല്ലമ്പലം: നാവായിക്കുളത്തും പള്ളിക്കലിലും കാട്ടുപന്നികളുടെ ശല്യം രൂക്ഷം. രാത്രിയിൽ കാട്ടുപന്നികളും മുള്ളൻ പന്നിയും, പകൽ കുരങ്ങുകളും ഇറങ്ങി മേഖലകളിൽ നാശം വിതയ്ക്കുന്നു. കഴിഞ്ഞ ആഴ്ച നാവായിക്കുളത്ത് കാട്ടുപന്നിയുടെ കൂട്ട ആക്രമണത്തിൽ അമ്മാംകോണം മൂലയിൽ വീട്ടിൽ ഷിറാസിന്റെ ഇടതു കൈമുട്ടിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഷിറാസ് സ്വകാര്യ മെഡിക്കൽകോളേജിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലാണ്. അമ്മാംകോണം എസ്.ഡി നിവാസിൽ സത്യശീലന്റെ വീട്ടുവളപ്പിലെ വാഴകളും, തൈതെങ്ങും, മരച്ചീനി കൃഷിയും കാട്ടുപന്നികളെത്തി നശിപ്പിച്ചു. കഴിഞ്ഞ ദിവസവും ഇദ്ദേഹത്തിന്റെ വീടിനു സമീപം പന്നികളെത്തി നാശനഷ്ടമുണ്ടാക്കി. വയലിൽ പുല്ല് ചെത്തികൊണ്ടിരുന്ന ഇരുപത്തെട്ടാം മൈൽ സാഫല്യത്തിൽ വിക്രമൻ കുട്ടിയെ പന്നിക്കൂട്ടം ആക്രമിക്കാനെത്തിയെങ്കിലും വിരട്ടിയോടിച്ചതിനാൽ രക്ഷപ്പെട്ടു. കാടുകയറിയ ഇടങ്ങളിൽ പന്നികൾ പ്രസവിച്ചുകിടക്കുന്നതായും നാട്ടുകാർ പറയുന്നു. മുള്ളൻപന്നികൾ ഉൾപ്പെടെയുള്ളവ നാട്ടിലിറങ്ങി സ്വൈരജീവിതം തടസപ്പെടുത്തുന്നതിനാൽ പ്രദേശവാസികൾ ഭീതിയിലാണ്. പുലർച്ചെയും രാത്രിയുമെല്ലാം യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾക്കും ഇവ ഭീഷണിയാണ്. പത്രവിതരണത്തിന് പോകുന്നവരും ആക്രമണത്തിനിരയായിട്ടുണ്ട്. പള്ളിക്കൽ പഞ്ചായത്തിലെ കെ.കെ കോണം, മൂതല പ്രദേശങ്ങളിലും നാവായിക്കുളം പഞ്ചായത്തിലെ മുട്ടിയറ, കോട്ടറക്കോണം, കാരയ്ക്കാകുന്ന് പ്രദേശങ്ങളിലും പ്രശ്നം രൂക്ഷമാണ്.
മടവൂർ ഇളബ്രക്കോട് വനത്തിൽ നിന്നാണിവ എത്തുന്നത്. രാത്രി കോഴികളെയും, ആടുമാടുകളെയും ഉപദ്രവിക്കുന്ന സംഭവങ്ങളുണ്ടെന്ന് കാട്ടി നാട്ടുകാർ നാവായിക്കുളം, പള്ളിക്കൽ പഞ്ചായത്തുകളിൽ പരാതി നൽകിയിരുന്നു. വനത്തിനു ചുറ്റും കമ്പി വേലികളും, കിടങ്ങുകളും നിർമ്മിച്ചാൽ ഇവയുടെ ആക്രമണത്തിൽ നിന്ന് രക്ഷനേടാൻ കഴിയുമെന്നാണ് കർഷകരും നാട്ടുകാരും പറയുന്നത്.