ചിറയിൻകീഴ്: ശാർക്കര കാളിയൂട്ടിലെ അഞ്ചാം ദിനമായ ഇന്ന് തെക്കുവശത്തുള്ള തുള്ളൽപ്പുരയിൽ ഐരാണിപ്പറ പുറപ്പാട് അരങ്ങേറും. എന്താണ് കാളിയൂട്ട്?, ചിട്ടവട്ടങ്ങൾ എന്തൊക്കെ?, ആരായിരിക്കണം അധികാരി?, എത്ര പണം വേണ്ടിവരും?, പണം എങ്ങനെ കണ്ടെത്തും?, എങ്ങനെയാണ് സംഘടിപ്പിക്കേണ്ടത്? തുടങ്ങിയ കാര്യങ്ങളൊക്കെ ചിന്തിച്ച് ആശയക്കുഴപ്പത്തിലാകുന്ന നാട്ടുപ്രമാണിമാർ പരമശിവനെ ശരണം പ്രാപിക്കുന്നു. സങ്കടം കേട്ട പരമശിവൻ രണ്ട് ബ്രാഹ്മണരെ ഇവിടേയ്ക്ക് അയയ്ക്കുന്നു. ഓലമ്പള്ളി, ഉഗ്രമ്പള്ളി എന്ന പേരുള്ളവരാണിവർ. ഇവരുടെ വരവിനെയാണ് ഐരാണിപ്പറ പ്പുറപ്പാട് എന്ന വിശേഷണത്തോടെ അവതരിപ്പിക്കുന്നത്. കറുത്ത താടിയും ഉടുത്ത് കെട്ടും കൂർത്ത തൊപ്പിയും ധരിച്ച് വേഷക്കാരനും കൈയിൽ വടിയേന്തി തലയിൽ തോർത്തുമുണ്ട് കെട്ടിയ ചോദ്യക്കാരനും രംഗത്തെത്തുന്നു.