ചിറയിൻകീഴ്: ശാർക്കര കാളിയൂട്ടിന്റെ ആറാം ദിവസമായ ഇന്ന് ക്ഷേത്രത്തിന് തെക്കുവശത്തുള്ള തുള്ളൽപ്പുരയിൽ കണിയാരു പുറപ്പാട് അരങ്ങേറും. കാളിയൂട്ട് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതിനിടെ നനയരും കാന്തരും എന്ന പേരുള്ള രണ്ട് ജോത്സ്യന്മാർ അവിടെയെത്തുന്നു. കാളിയൂട്ടിലെ പ്രധാന ചടങ്ങുകൾ നടത്തുന്ന തുള്ളൽപ്പുരയും ക്ഷേത്രപരിസരവും മലിനവും ബാധോപദ്രവും ഏറ്റിട്ടുള്ളതാണെന്നും അത് ഒഴിപ്പിക്കണമെന്നും അല്ലെങ്കിൽ അനിഷ്ഠങ്ങൾ സംഭവിക്കുമെന്നും ഇവർ കരക്കാരെ അറിയിക്കുന്നു. തുടർന്ന് ആശയക്കുഴപ്പത്തിലായ കരക്കാരും നാട്ടുപ്രമാണിമാരും ജോത്സ്യന്മാരോടു തന്നെ പ്രതിവിധി ആരായുന്നു. തുടർന്ന് ജോത്സ്യന്മാരുടെ നിർദ്ദേശപ്രകാരമെത്തുന്ന മലവേലന്മാരും ദുരാഗ്രഹികളായ ജോത്സ്യന്മാരും ചേർന്ന് കരക്കാർ സമ്പാദിച്ചതിന്റെ നല്ലൊരു ശതമാനം കൈക്കലാക്കുന്നു. കണിയാന്മാരുടെ വാക്കുകേട്ട് അനാവശ്യമായി പണം ചെലവാക്കുന്നവരെ പരോക്ഷമായി കളിയാക്കുകയാണ് ഇന്നത്തെ കഥയിലൂടെ.