1

പൂവാർ: വേനൽ കടുത്തതോടെ പൂവാർ മേഖലയിൽ കുടിവെള്ളം കിട്ടാനില്ലെന്ന് നാട്ടുകാർ. ആഴ്ചയിൽ മൂന്നു ദിവസമാണ് പൊതുടാപ്പിൽ വെള്ളമെത്തുന്നതെങ്കിലും പലപ്പോഴും അതും മുടങ്ങുന്ന അവസ്ഥയാണ്. ടാങ്കർ ലോറികളിലെത്തിക്കുന്ന വെള്ളത്തിന് തോന്നിയ വിലയാണ് സ്വകാര്യ വ്യക്തികൾ ഇൗടാക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ ലഭിക്കുന്ന വെള്ളം മോശമാണെന്നും നെയ്യാറിലെയും, കരിച്ചൽ കായലിലെയും വെള്ളമാണ് നൽകുന്നതെന്നും അനുഭവസ്ഥർ പറയുന്നു. കരിച്ചൽ പമ്പുഹൗസിലെ വെള്ളമാണ് തീരദേശ മേഖലയിൽ പ്രധാനമായും എത്തുന്നത്. ഇതിൽ പലപ്പോഴും ചെളി കലരുന്നുമുണ്ട്. ഇവിടെ രണ്ട് പമ്പുള്ളതിൽ ഒരണ്ണം മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. തകരാറിലായത് നന്നാക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

കുടിവെള്ളം പ്രശ്നം രൂക്ഷമായതോടെ 2019 മാർച്ചിൽ കുമിളി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് 16 കോടി രൂപ മുടക്കി പുനർ നിർമ്മിച്ചിരുന്നു. ഇവിടെ 12 മില്യൺ ലിറ്റർ വെള്ളം ഒരു ദിവസം ശുദ്ധീകരിച്ച് വിതരണം നടത്താനാകും. തിരുപുറം, കാഞ്ഞിരംകുളം, കരുംകുളം, പൂവാർ തുടങ്ങിയ പഞ്ചായത്തുകളിൽ കുടിവെള്ളമെത്തിക്കാനാവും. നിലവിലുള്ള ടാങ്കുകളുടെ സംഭരണ ശേഷി ഇരട്ടിയായി വർദ്ധിപ്പിച്ചെങ്കിലും ഇവിടെ നിന്നും കുടിവെള്ളം ടാങ്കുകളിൽ എത്തിക്കാനാവുന്നില്ല. പഴകിയ പെെപ്പുകൾ നിരന്തരം പാെട്ടുന്നതാണ് കാരണം. 1956 ൽ കുമിളി ശുദ്ധജല പദ്ധതി തുടങ്ങിയപ്പോൾ സ്ഥാപിച്ച പൈപ്പുകളാണ് ഏറെയും. ഇവയുടെ അറ്റകുറ്റ പണികൾക്ക് 12 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും തീരുമാനമൊന്നുമായില്ല.

അടിമലത്തുറയിൽ

കുടിവെള്ളം സൗജന്യം

അടിമലത്തുറ ഇടവക വികാരി ഫാ. മെൽവിൻ സൂസയുടെ നേതൃത്വത്തിൽ 311 വീടുകൾക്ക് വാട്ടർ കണക്ഷൻ ഇതിനോടകം നൽകി കഴിഞ്ഞു. ഇടവകയുടെ കോമ്പൗണ്ടിലെ ബോർവെലിൽ നിന്ന് മോട്ടോർ ഉപയോഗിച്ച് ടാങ്കിൽ സംഭരിക്കുന്ന വെള്ളം രാവിലെയും വൈകിട്ടും വിതരണം ചെയ്യുന്നു. വൈദ്യുതി ചാർജ്ജ് ഉൾപ്പെടെയുള്ള എല്ലാ ചെലവുകളും ഇടവക വഹിക്കുന്നതിനാൽ കുടിവെള്ളം പൂർണമായും സൗജന്യമായി ലഭിക്കും.