cccc

തിരുവനന്തപുരം: എൺപതു വർഷത്തെ പെെതൃകവുമായി തലസ്ഥാനത്ത് പ്രവർത്തിക്കുന്ന വിജയമോഹിനി മിൽസും ഇനി ചരിത്രത്തിന്റെ ഭാഗമാകും. പൊതുമേഖലാസ്ഥാപനങ്ങളെ അടച്ചുപൂട്ടുന്ന കേന്ദ്ര സർക്കാർ നടപടി വർഷങ്ങളുടെ പാരമ്പര്യമുള്ള മില്ലിനെയും ഉടൻ വിഴുങ്ങും. അതിന്റെ ആദ്യ ഘട്ടമെന്നോണം 250 താത്കാലിക ജീവനക്കാരെ ഇൗ മാസം ആദ്യം തന്നെ പിരിച്ചുവിട്ടിരുന്നു. 200 സ്ഥിര തൊഴിലാളികളുമായാണ് നാഷണൽ ടെക്‌സ്റ്റെെൽസ് കോർപ്പറേഷന്റെ കീഴിലുള്ള മില്ലിന്റെ ഇപ്പോഴത്തെ പ്രവർത്തനം. കടുത്ത സാമ്പത്തിക ഞെരുക്കത്തിലും കോടിക്കണക്കിന് രൂപയുടെ യന്ത്രങ്ങളാണ് വാങ്ങിക്കൂട്ടിയത്. രണ്ടു കോടിയോളം രൂപ വിലവരുന്ന 4 കാ‌ർഡിംഗ് യന്ത്രങ്ങളും മൂന്ന് ട്രാൻസ്ഫോമാറുകളും ആറു മാസം മുൻപ് കോയമ്പത്തൂരിലെ റീജിയണൽ ഓഫീസിന്റെ നേതൃത്വത്തിൽ വാങ്ങി. ഇത് കമ്മിഷനു വേണ്ടിയാണെന്നാണ് ആക്ഷേപം. ഇതോടൊപ്പം വാങ്ങിച്ച യന്ത്ര ഭാഗങ്ങൾ ഉപയോഗിക്കാതെ സ്റ്റോറൂമിൽ കൂട്ടിയിട്ടിരിക്കുകയാണെന്നും ചിലത് തിരികെ കൊണ്ടു പോയെന്നും ആക്ഷേപമുണ്ട്.

തകർച്ചയുടെ കാരണങ്ങൾ

ബംഗ്ലാദേശിൽ നിന്നുള്ള നൂലിന്റെ ഇറക്കുമതിയും 200-250 രൂപ വരെയുണ്ടായിരുന്നു നൂലിന്റെ വില 160-170 രൂപയിലേക്ക് വീണതും ജി.എസ്.ടിയുമടക്കം മില്ലിനെ പ്രതിസന്ധിയിലാക്കി. വർഷാവർഷം കേന്ദ്ര ബഡ്ജറ്റിൽ അനുവദിച്ചിരുന്ന സഹായധനവും ലഭിച്ചിട്ടില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. ഏഴു ദിവസമുണ്ടായിരുന്ന ജോലി 6 ദിവസമാക്കി, ഓവർ ടെെമും അലവൻസുകളും നിറുത്തലാക്കി. മൂന്ന് ഷിഫ്റ്റെന്ന സമ്പ്രദായം നിറുത്തി രണ്ടാക്കാനും നീക്കമുണ്ട്.

പ്രതിമാസം ശമ്പളം ഉൾപ്പടെയുള്ള ചിലവുകൾക്ക് 70 ലക്ഷത്തളം രുപ വേണം. ഫെെബറും കോട്ടണുമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്.100ശതമാനം തൊഴിലാളികളുണ്ടായിരുന്നപ്പോൾ ഒരുലക്ഷത്തി അമ്പതിനായിരം കിലോ ഉത്പാദനമുണ്ടായിരുന്നിടത്ത് തൊഴിലാളികൾ 45 ശതമാനമയതോടെ 75000 കിലോയിലേക്ക് ചുരുങ്ങി.

ആധാരവും കൊണ്ടു പോയി

 രണ്ടു വർഷം മുൻപ് 10.65 ഏക്കറുള്ള മില്ലിന്റെ ആധാരം എൻ.ടി.സി ആസ്ഥാനത്തേക്ക് കൊണ്ടുപോയി. ഇപ്പോൾ കരമടയ്ക്കുന്ന രസീത് ഉൾപ്പടെ അയച്ചു കൊടുക്കാൻ നിർദ്ദേശവുമുണ്ട്. 2018-19 കാലഘട്ടത്തിൽ 33 കോടി രൂപയായിരുന്നു വാല്യു ഒഫ് പ്രൊഡക്ഷൻ. 2012-13 കാലഘട്ടത്തിൽ 2.5 കോടി രൂപയുടെ ലാഭമുണ്ടായിരുന്നിടത്ത് 2018-19 ആയതോടെ 5.9 കോടിയുടെ നഷ്ടമാണ്.

സ്ഥാപിച്ചത് 1946 ൽ

ചരിത്രം

സർ സി.പി രാമസ്വാമി അയ്യരായിരുന്നു മിൽസിന്റെ മുഖ്യശില്പി. 12 ലക്ഷം രൂപ മുതൽമുടക്കോടെ 1946 ൽ എൻ.ജെ. നായർ എന്ന ബിസിനസുകാരനാണ് വിജയ മോഹിനി മിൽ ആരംഭിച്ചത്.

1960 ൽ മിൽ വിജയലക്ഷ്മി മിൽസ് ഗ്രൂപ്പിന് കൈമാറി. അന്ന് കപ്പാസിറ്റി 25,000.

സാമ്പത്തിക ബുദ്ധിമുട്ടുകാരണം 1971 ൽ അടച്ചിട്ടു. എന്നാൽ, സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ നിന്നുള്ള സാമ്പത്തിക സഹായത്താൽ സംസ്ഥാന ഗവൺമെന്റ് ഏറ്റെടുത്ത് പ്രവർത്തനമാരംഭിച്ചെങ്കിലും പ്രതിസന്ധി തുടർന്നു.

1974ൽ പീഡിത വ്യവസായ പട്ടികയിൽ ഉൾപ്പെടുത്തി നാഷണൽ ടെക്‌സ്റ്റെെൽസ് കോർപ്പറേഷൻ (എൻ.ടി.സി) ഏറ്റെടുത്തു.

താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടിട്ടില്ല. ഉത്പാദനം കുറഞ്ഞതുകൊണ്ട് ഇവ‌ർക്ക് ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമേ ജോലി കാണൂ. മില്ലിന്റെ പ്രവർത്തനം നഷ്ടത്തിലാണ്. തൊഴിലാളികളുടെ ഷിഫ്റ്റിന്റെ കാര്യത്തിലൊന്നും തീരുമാനം എടുത്തിട്ടില്ല. അടച്ചുപൂട്ടലിനെ ക്കുറിച്ചൊന്നും അറിയില്ല.

-പ്രദീപ് കുമാർ, ഫാക്ടറി മാനേജർ