വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യ സന്ദർശിച്ചതോടെ അദ്ദേഹത്തിന്റെ മകൾ ഇവാങ്ക ട്രംപ് ഇപ്പോൾ ഇന്ത്യക്കാർക്ക് സുപരിചിതയാണ്. മൂന്നുമക്കളുടെ അമ്മയാണോ ഈ സുന്ദരി എന്നതാണ് എല്ലാവരെയും അതിശയിപ്പിക്കുന്നത്. മുപ്പത്തെട്ടുകാരിയാണെങ്കിലും കണ്ടാൽ ഇരുപത്തഞ്ചുവയസിനപ്പുറം തോന്നിക്കുകയുമില്ല. പ്രസിഡന്റിന്റെ മുഖ്യ ഉപദേഷ്ടാവ് എന്ന നിലയിൽ നിന്നുതിരിയാൻപോലും സമയമില്ലെങ്കിലും മക്കളുടെ കാര്യംനോക്കാൻ ഇവാങ്ക എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഇവാങ്ക തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
തിരക്കുകൾ മക്കളെ ബാധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. രാവിലെ അഞ്ച് മണിക്കാണ് ഞാൻ ഉണരുന്നത്. ഉടൻതന്നെ മക്കൾക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങൾക്കായി സമയം നീക്കി വയ്ക്കും. ഉണർന്നാലുടൻ അവർക്ക് എന്നെ കാണണമെന്നത് നിർബന്ധമാണ്. അതിനാൽ അവർ ഉണരും മുമ്പേ വ്യായാമവും ദിനചര്യകളുംമെല്ലാം തീർക്കും-ഇവാങ്ക പറയുന്നു.
മകൾ അരബെല്ലയ്ക്ക് ഇവാങ്ക നൽകുന്നത് കിടിലൻ ബ്യൂട്ടി ടിപ്പുകളാണ്. നമ്മുടെ ഉള്ളിലുള്ള സൗന്ദര്യമാണ് പ്രധാനം.ആത്മവിശ്വാസം, നല്ലപെരുമാറ്റരീതി,മനശ്ശക്തി... ഇവയാണ് ഒരു സ്ത്രീയെ സുന്ദരിയാക്കുന്നത്. മേക്കപ്പും ചർമസംരക്ഷണവുമൊക്കെ രസകരമായ കാര്യങ്ങളാണ്. പക്ഷേ നിങ്ങൾ നിങ്ങളായിരിക്കുന്നതാണ് കൂടുതൽ പ്രധാനം.കൗമാരകാലത്ത് മേക്കപ്പോടെ ഉറങ്ങിയാൽ അമ്മവിളിച്ചുണർത്തി അത് നീക്കംചെയ്യിപ്പിക്കുമായിരുന്നു. ചർമത്തെ അത് മോശമായി ബാധിക്കുമെന്ന് അമ്മ എപ്പോഴും പറഞ്ഞിരുന്നു.-ഇവാങ്ക ഒാർമ്മിക്കുന്നു.
എത്ര തിരക്കുകൾ ഉണ്ടെങ്കിലും മക്കളുടെ കാര്യങ്ങൾ നോക്കുന്നതുപോലെ വ്യായാമം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യാനും ഇവാങ്ക സമയം കണ്ടെത്തുന്നുണ്ട്. എല്ലാദിവസവും 20 മിനിറ്റ് മകൻ ജോസഫിനൊപ്പം വീടിന്റെ നിലത്ത് കാർറേസിംഗിന് ഒപ്പം കൂടും. മകൾ അരബെല്ലയ്ക്ക് പുസ്തകങ്ങൾ വായിക്കാനാണ് താത്പര്യം. ഒരു ദിവസം രണ്ട് ബുക്കുകളുടെയെങ്കിലും ചെറിയ നോട്ടുകൾ തയ്യാറാക്കിക്കൊടുക്കണം. മൂന്നാമത്തെ മകനായ തിയോഡറിന് രണ്ടോ മൂന്നോ നേരമെങ്കിലും ഭക്ഷണം നൽകുന്നത് ഇവാങ്ക തന്നെയാണ്. രാത്രിയിൽ അവനെ ഉറക്കുന്ന ജോലിയും ഇവാങ്കയുടേതുതന്നെ.ഒൗദ്യോഗിക ജോലികൾക്കൊപ്പം ഇതിനെക്കെ എങ്ങനെ സമയം കണ്ടെത്തുന്നു എന്നതാണ് എല്ലാവരെയും അതിശയിപ്പിക്കുന്നത്.