വർക്കല: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വർക്കലയിലെ പ്രൈവറ്റ് ബസ് സ്റ്റാൻഡ് ആർക്കും വേണ്ടാത്ത അവസ്ഥയിലായിട്ടും നഗരസഭയോ ബന്ധപ്പെട്ട ജനപ്രതിനിധികളോ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. വർക്കല നഗരസഭയുടെ കീഴിലുള്ള പ്രൈവറ്റ് ബസ് സ്റ്റാൻഡ് നവീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധങ്ങൾ ശക്തമാകുമ്പോഴും അധികൃതർ അറിഞ്ഞഭാവമില്ല. വർക്കല റെയിൽവേ സ്റ്റേഷന് സമീപം 2011- 12 ലെ വർക്കല നഗരസഭയുടെ ജനകീയാസൂത്രണപദ്ധതി പ്രകാരം കെ.എസ്.ആർ.ടി.സിയുടെ സ്റ്റേഷൻമാസ്റ്റർ ഓഫീസ് പ്രവർത്തന സജ്ജമാക്കിയെങ്കിലും ചുരുങ്ങിയ നാളുകളിൽ മാത്രമാണ് ഇതിന്റെ പ്രവർത്തനം മുന്നോട്ട് പോയത്. ബസ് സ്റ്റാൻഡ് ഇന്ന് പ്രൈവറ്ര് ബസുകൾക്കും കെ.എസ്.ആർ.ടി.സിക്കും തിരിഞ്ഞു പോകാനുള്ള ഇടമായാണ് ഉപയോഗിക്കുന്നത്.
യാത്രക്കാർ ഇപ്പോഴും വർക്കല റെയിൽവേ സ്റ്റേഷന് മുന്നിലെ പ്രധാന കവാടത്തിലാണ് ബസ് കാത്തുനിൽക്കുന്നത്. നിലവിൽ ആളുകൾക്ക് ടൊയ്‌ലൈറ്റ് സൗകര്യവും ഇവിടെ അപര്യാപ്തമാണ്. വർക്കല നഗരസഭയുടെ 2011-12 ജനകീയാസൂത്രണപദ്ധതി പ്രകാരം നിർമ്മിച്ച കെ.എസ്.ആർ.ടി.സിയുടെ സ്റ്റേഷൻ മാസ്റ്റർ ഓഫീസും അടച്ചുപൂട്ടിയിട്ട് 5 വർഷത്തോളമായി. ബസ് സ്റ്റാൻഡിനുള്ളിൽ സ്ഥാപിച്ച സോളാർ ലൈറ്റുകൾ ഇന്ന് പ്രവർത്തനരഹിതമാണ്.