ജാതീയ ഉച്ഛനീചത്വങ്ങൾക്കെതിരെ തിരുവിതാംകൂറിൽനിന്ന് ആദ്യശബ്ദം ഉയർത്തിയ അയ്യാവൈകുണ്ഠ നാഥർ അഗസ്തീശ്വരത്തിന് സമീപം 1809-ൽ പിറന്നു. പൊന്നുനാടാർ പിതാവും വെയിലാൾ അമ്മാൾ മാതാവും. ബാല്യത്തിൽത്തന്നെ അസാമാന്യ പാണ്ഡിത്യം പ്രകടിപ്പിച്ചിരുന്ന കുട്ടിക്ക് മുടിചൂടും പെരുമാൾ എന്ന് പേരിട്ടു. എന്നാൽ സവർണ മേധാവികളിൽ നിന്നുണ്ടായ എതിർപ്പിനെ തുടർന്ന് മുത്തുക്കുട്ടി എന്നു പേരുമാറ്റി.അനാചാരങ്ങൾക്കും ജാതീയ അസമത്വത്തിനുമെതിരായ അയ്യാവൈകുണ്ഠരുടെ പ്രവർത്തനം ആശയ പ്രചാരണത്തിൽ മാത്രം പരിമിതപ്പെട്ടില്ല. പ്രായോഗിക പ്രവർത്തനത്തിലൂടെ അദ്ദേഹം സ്വയം മാതൃക സൃഷ്ടിച്ചു. അവർണരെന്ന് മുദ്രകുത്തപ്പെട്ട പതിനെട്ടു ജാതിക്കാരെ ഒന്നിച്ചുകൊണ്ടുവന്നു. ഒരുമിച്ച് താമസിക്കാനും ഒരുമിച്ച് ജീവിക്കാനും അവരെ പ്രേരിപ്പിച്ചു. അവർക്ക് വെള്ളമെടുക്കാനായി പൊതുകിണർ നിർമ്മിച്ചു നൽകി. ഇൗ കിണർ 'മുന്തിരി കിണർ" എന്നപേരിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.
അവരെ ഒരുമിച്ചിരുത്തി സമപന്തിഭോജനം നടത്തി. അവരുടെ സാമൂഹിക ഉന്നതിക്കായി പ്രവർത്തിക്കാൻ സമത്വ സമാജം രൂപീകരിച്ചു. കേരള ചരിത്രത്തിലെ അവിസ്മരണീയ അദ്ധ്യായമായി തീർന്ന തെക്കൻ തിരുവിതാംകൂറിലെ ജാതി വിരുദ്ധ പോരാട്ടങ്ങൾക്ക് തുടക്കം കുറിച്ചത് ഇൗ പരിഷ്കരണ പ്രവർത്തനങ്ങളാണ്.അവനവനിൽ തന്നെയാണ് ദൈവം നിലനിൽക്കുന്നതെന്ന് പഠിപ്പിച്ച അയ്യാ വൈകുണ്ഠനാഥർ ദൈവാരാധന ക്രമത്തെ മാറ്റിമറിച്ചു. ദൈവാരാധനയ്ക്കായി അദ്ദേഹം സ്ഥാപിച്ച പതികളും നിഴൽത്താങ്ങലുകളും വിദ്യാഭ്യാസ കേന്ദ്രങ്ങളായിരുന്നു. നിഴൽതാങ്ങലുകളിൽ കഠിനമായ പരിശീലനങ്ങളാണ് നൽകിയിരുന്നത്.'ജാതി ഒൻട്രെ, മതം ഒൻട്രെ, ഉലകം ഒൻട്രെ" എന്ന് ഉദ്ഘോഷിച്ച അയ്യാവൈകുണ്ഠനാഥരുടെ രണ്ട് വിശുദ്ധ ഗ്രന്ഥങ്ങളാണ് അരുൾനൂലും അഖിലതിരട്ടും. ഒാരോ മനുഷ്യനും ദൈനംദിന ജീവിതത്തിൽ അനുവർത്തിക്കേണ്ട നിഷ്ഠകളും രാജ്യത്തോട് നിറവേറ്റേണ്ട ചുമതലകളും സഹജീവികളോടുള്ള കടമകളും പ്രകൃതിയോടുള്ള സമീപനവുമെല്ലാം സവിസ്തരം പ്രതിപാദിക്കുന്ന അഖിലതിരട്ട് മനുഷ്യന് ഇൗ ലോകത്തിൽതന്നെ സ്വർഗം വാഗ്ദാനം ചെയ്യുന്നു.
ചിന്തകനും പണ്ഡിതനുമായ അയ്യാവൈകുണ്ഠർ പലപ്പോഴായി അരുൾ ചെയ്തതാണ് അരുൾനൂൽ. നൂൽ എന്ന തമിഴ് വാക്കിന് അർത്ഥം പുസ്തകം. ചാട്ടുനീട്ടോല പ്രവചനങ്ങളാണ്. .സാമൂഹ്യമാറ്റത്തിനും മനുഷ്യനന്മയ്ക്കുമായി ജീവിതകാലം മുഴുവൻ യത്നിച്ച അയ്യാവൈകുണ്ഠരുടെ ആശയങ്ങളും പ്രവർത്തനങ്ങളും തെന്നിന്ത്യയെ മുഴുവൻ സ്വാധീനിച്ചു. ഇന്നും സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. തങ്ങളുടെ കാൽച്ചങ്ങലകൾ പൊട്ടിച്ചെറിയാനും ഒപ്പം കൂട്ടിമുന്നേറാനും തങ്ങൾക്കൊപ്പംവന്ന അയ്യാവൈകുണ്ഠരെ മഹാവിഷ്ണുവിന്റെ അവതാരമായി കണ്ട് ആരാധിക്കുന്ന ഒരു കോടിയിലധികം ആരാധകരും ഇരുപതിനായിരത്തിലധികം ആരാധനാലയങ്ങളും ഇന്ന് നിലവിലുണ്ട്. അയ്യാവൈകുണ്ഠരുടെ ജീവിതവും സന്ദേശവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കാൻ സർക്കാർ തലത്തിൽ നടപടികളുണ്ടാകേണ്ടതാണ്.(തിരുവനന്തപുരം അയ്യാവൈകുണ്ഠർ
പഠനകേന്ദ്രം ചെയർമാനാണ് ലേഖകൻ)