മദ്ധ്യവയസ്കൻ തന്റെ പ്രശ്നങ്ങൾ തുടരുന്നു:
''ബുദ്ധമതത്തിലാണ് മനസിനെപ്പറ്റി കൂടുതൽ പഠിപ്പിക്കുന്നതെന്നു ഞാൻ മനസിലാക്കി. അങ്ങനെയാണ് അതിലെ ധ്യാനം ശീലിക്കാൻ തീരുമാനിച്ചത്."
''അങ്ങനെയാണോ? എന്താണ് ആ മനസ്?"
''അതു തലച്ചോറു തന്നെയാണല്ലോ?"
''അങ്ങനെയാണോ ബുദ്ധമതം പഠിപ്പിക്കുന്നത്?"
''അല്ല. അത് ശാസ്ത്രം പഠിപ്പിക്കുന്നതാണ്."
''എന്നു പറഞ്ഞാൽ ആധുനികശാസ്ത്രം പഠിപ്പിക്കുന്നത്. ഈ ആധുനികശാസ്ത്രപ്രകാരമുള്ളതാണോ ബുദ്ധഭഗവാന്റെ ഉപദേശങ്ങൾ?"
''ആയിരിക്കാനിടയില്ല."
''ഇരിക്കട്ടെ. ആധുനികശാസ്ത്രപ്രകാരം മനസ് തലച്ചോറു തന്നെയാണ്. ഇതു ശാസ്ത്രജ്ഞന്മാർ ശാസ്ത്രീയമായി തെളിയിച്ചതാണോ, അതോ അവരുടെ അഭ്യൂഹം മാത്രമാണോ?"
''ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല."'
''അപ്പോൾ അത് അഭ്യൂഹം മാത്രമാണ്. അഭ്യൂഹം തെളിയിക്കപ്പെട്ടിട്ടില്ലാത്തിടത്തോളം കാലം വെറും വിശ്വാസം മാത്രമാണ്. മനസ് തലച്ചോറു തന്നെയാണെന്നോ, തലച്ചോറിൽ നടക്കുന്ന രാസപ്രവർത്തനങ്ങളുടെ പാർശ്വഫലം മാത്രമാണോ എന്നുള്ളത് പരീക്ഷണം ചെയ്തു തെളിയിക്കാൻ ശാസ്ത്രത്തിനാവുമോ?
''ഇല്ല."
''ആ സ്ഥിതിക്ക് ഇപ്പറഞ്ഞത് ശാസ്ത്രജ്ഞന്മാർ ശാസ്ത്രീയമെന്നപോലെ പ്രചരിപ്പിക്കുന്ന ഒരന്ധവിശ്വാസം മാത്രമല്ലേ? അശാസ്ത്രീയമായ ഒന്നിനെ ശാസ്ത്രീയമെന്ന പോലെ പ്രചരിപ്പിക്കുന്നവരാണ് ശാസ്ത്രജ്ഞന്മാർ എന്നുപോലും ഈ സന്ദർഭത്തിൽ പറയാം,.
''ഇതാണോ ശാസ്ത്രജ്ഞന്മാർ ചെയ്യേണ്ടത്? അതിന്റെ സ്ഥാനത്ത് അവർക്ക് ചിന്തിച്ചെത്താനാവാത്ത മേഖലകൾ ജീവിതത്തിലും പ്രപഞ്ചത്തിലും ഉണ്ടെന്നുള്ളതു തുറന്നു സമ്മതിക്കുകയല്ലേ വേണ്ടത്?"
''അതെ. അജ്ഞേയമായ ആ തലത്തെപ്പറ്റി സ്വാമി എന്തു പറയുന്നു?"
''അത് അജ്ഞേയമാണെന്ന് മനസിലാക്കി ഞാൻ സമാധാനമായിരിക്കുന്നു. അത് അറിഞ്ഞെത്തിക്കളയാമെന്ന ദുർമോഹമൊന്നും എനിക്കില്ല.
''ജീവിതമായാലും പ്രപഞ്ചമായാലും അതിൽ അജ്ഞേയമായ തലങ്ങൾ വളരെയധികവും, ജ്ഞേയമായത് വളരെ അൽപവുമാണ്. ആകെക്കൂടി നോക്കിയാൽ ഇതൊരു മഹാശ്ചര്യമാണ്. ആ മഹാശ്ചര്യത്തിലെ ഒരു കുഞ്ഞത്ഭുതം മാത്രമായി ഞാനും ഇവിടെ ഉണ്ടായി. അതു മറയുകയും ചെയ്യും. മഹാശ്ചര്യമായ സത്യം തുടരും."