1

പൂവാർ: തിരുപുറം വില്ലേജ് ഓഫീസിന്റെ അകകാഴ്ച വളരെ പരിതാപകരമാണ്. തകർന്നുവീഴാറായ മേൽക്കൂര, വിണ്ടുകീറിയ ചുവരുകൾ, പൊട്ടിപ്പൊളിഞ്ഞ ടോയ്ലെറ്റ്, ജീർണ്ണിച്ച ഫർണിച്ചറുകൾ, ചിതലരിക്കുന്ന ഫയലുകൾ ഇവയെല്ലാം ചേർന്നതാണ് വില്ലേജ് ഓഫീസ്. ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായ കാട് മൂടിയ പരിസരവും അപകടാവസ്ഥയിൽ നിൽക്കുന്ന പടവൃക്ഷങ്ങളും നിറഞ്ഞ അപകടാവസ്ഥയിലായ അരനൂറ്റാണ്ടിലധികം പഴക്കമുള്ള ഓടുമേഞ്ഞ കേട്ടിടത്തിൽ ജീവൻപണയം വച്ചാണ് ഇവിടുത്തെ ജീവനക്കാർ ജോലി ചെയ്യുന്നത്. പേടികൂടാതെ അടച്ചുറപ്പുള്ള ഒരു കെട്ടിടത്തിനായി ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു പുതിയ മന്ദിരം നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മഴപെയ്താൽ ഈ കൂരയ്ക്ക് താഴെ നിൽക്കാൻ പോലും പേടിയാണ്. പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ കെട്ടിടം വരുന്നതുവരെ ഉചിതമായ സ്ഥലത്ത് മറ്റൊരു താത്കാലിക സംവിധാനം ഒരുക്കണമെന്നാണ് ജീവനക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.

വില്ലേജ്ഓഫീസ് പുനഃർ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളും സാമൂഹിക പ്രവർത്തകരും പ്രക്ഷോഭം നടത്തുകയാണ്. ഇതോടെയാണ് കഴിഞ്ഞ വർഷം ഫെബ്രുവരി 4ന് കെ.ആൻസലൻ എം.എൽ.എ നിയമസഭയിൽ വിഷയം ഉന്നയിച്ചിരുന്നു. എന്നാൽ സ്ഥലപരിമിതി പരിഹരിക്കാനെന്ന പേരിൽ ഒരു മുറി മാത്രം നിർമ്മിക്കാനാണ് തീരുമാനമായത്.

കെട്ടിടത്തിന്റെ ശോചനീയാവസ്ഥ നിയമസഭയ്ക്ക് ബോധ്യപ്പെട്ടിട്ടും വില്ലേജ് ഓഫീസ് നിർമ്മിക്കാൻ ഉചിതമായ നടപടി സ്വീകരിക്കാത്തതിൽ പ്രദേശവാസികൾ പ്രതിഷേധം ശക്തമാക്കിയിരുന്നു. തുടർ പ്രക്ഷോഭങ്ങൾ വീണ്ടും ശക്തമാക്കാനാണ് പ്രദേശത്തെ വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടനകൾ തയാറെടുക്കുന്നത്.

തിരുപുറം വില്ലേജ് ഓഫീസിന്റെ തുടക്കം പഴയകട ജംഗ്‌ഷനിൽ വാടക കെട്ടിടത്തിലായിരുന്നു. അന്നത്തെ വില്ലേജ്ഓഫീസറായിരുന്ന കടകത്ത് വീട്ടിൽ കേശവൻ തമ്പി സംഭാവനയായി നൽകിയ 10 സെന്റ് ഭൂമിയിലാണ് ഇന്ന് കാണുന്ന കെട്ടിടം പണിതത്. നിലവിൽ ഒരു വില്ലേജ് ഓഫീസറെ കൂടാതെ 2 സ്പെഷ്യൽ വില്ലേജ് ഓഫീസർമാർ, 2 വില്ലേജ് അസിസ്റ്റന്റ്, 1 ഡഫേദാർ എന്നിവർ മാത്രമാണ് ഇവിടെയുള്ളത്. 2 ജീവനക്കാർ സ്ഥലം മാറി പോയെങ്കിലും പകരം ആരും വന്നിട്ടില്ല. അരുമാനൂർ, എട്ടുക്കുറ്റി, നെല്ലിക്കാക്കുഴി, കാക്കത്തോട്ടം, പുത്തൻകട ,പഴയകട, ചെക്കടി, ചർച്ച് ജംഗ്ഷൻ, കുറുമനാൽ, അരുമാനൂർക്കട ,മനവേലി, പരണിയം, പുറുത്തിവിള, ചാനൽക്കര, പത്തനാവിള, അരുവള്ളൂർ, കാമ്പുകാല തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്ക് ആശ്രയമായ ഈ ഓഫീസിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും ജനങ്ങളെ വലയ്ക്കുന്നുണ്ട്.