powercut
powercut

തിരുവനന്തപുരം: എന്തെങ്കിലും കാരണം കണ്ടുപിടിച്ച് അടിക്കടി ചാർജ് കൂട്ടുന്ന കെ.എസ്.ഇ.ബിക്ക് വൈദ്യുതി അപകടങ്ങൾ ഇല്ലാതാക്കാൻ കാലോചിതമായ ഒരു പദ്ധതിയുമില്ല. പ്രഖ്യാപിച്ച പദ്ധതികളൊന്നും നടപ്പിലാക്കിയിട്ടുമില്ല. ബോർഡിന്റെ അലംഭാവം കാരണം സ്വന്തം ജീവനക്കാർ ഉൾപ്പെടെ വ്യാഴാഴ്ച മാത്രം നാലുപേർ മരിച്ചു.

വൈദ്യുതി ലൈൻ പൊട്ടിവീണുള്ള അപകടം ഒഴിവാക്കുന്നതിന് യു.ജി കേബിൾ പദ്ധതി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിട്ട് കൊല്ലം മൂന്നായി. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലായിരുന്നു. 2018 ഡിസംബറിൽ കൊച്ചിയിലും തിരുവനന്തപുരത്തുമായി 12 ഓവർഹെഡ് 11 കെ.വി ലൈനുകൾ യു.ജി (അണ്ടർ ഗ്രൗണ്ട്) കേബിൾ ആക്കുന്ന പ്രവൃത്തികൾക്ക് വൈദ്യുതി വകുപ്പ് അനുമതി നൽകി. ഡിസംബറോടെ പണി പൂർത്തിയാക്കാനായിരുന്നു തീരുമാനം. മാസം 14 കഴിഞ്ഞിട്ടും തുടങ്ങിയിടത്തു തന്നെ നിൽക്കുകയാണത്.

കഴിഞ്ഞ വർഷം തൃശൂരിൽ വൈദ്യുതി ലൈൻ പൊട്ടിവീണ് ഒരാൾ മരിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ 25 ശതമാനം വൈദ്യുതി ലൈനുകളും 25 വർഷത്തിലേറെ പഴക്കമുള്ളതാണെന്ന് കണ്ടെത്തിയിരുന്നു. അതൊക്കെ മാറ്റി പുതിയ ലൈനുകൾ കെട്ടുന്നതിനും ലൈൻ പൊട്ടി വീഴാതിരിക്കാൻ സ്‌പെയ്സർ സ്ഥാപിക്കുന്നതിനും തീരുമാനിച്ചതാണ്. രണ്ടും പേരിനു മാത്രം എവിടെയൊക്കെയോ നടന്നു. പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കിയിരുന്നെങ്കിൽ തൃശൂരിൽ വ്യാഴാഴ്ച പൊട്ടിവീണ ലൈനിൽ തട്ടി ഷോക്കേറ്റ് രണ്ട് സ്ത്രീകൾ മരിക്കില്ലായിരുന്നു.

കഴിഞ്ഞ വർഷം പേട്ടയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ തട്ടി വഴിയാത്രക്കാർ മരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. അതിനു മുമ്പ് പുനലൂരിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ തട്ടി ജീവൻ നഷ്ടപ്പെട്ടത് നാലുവയസുകാരനാണ്. ലൈൻ പൊട്ടിവീണാൽ വൈദ്യുതി ബന്ധം വേർപ്പെട്ടുപോകുന്ന സംവിധാനങ്ങൾ നിലവിലുണ്ട്. ഇക്കാര്യത്തെക്കുറിച്ച് കെ.എസ്.ഇ.ബിക്കും ബോദ്ധ്യമുണ്ട്. പക്ഷേ, നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുപോലുമില്ല.