jurassic

കോടികണക്കിന് വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ദിനോസറുകൾ ഇന്നും മനുഷ്യന് അത്ഭുതമാണ്. സ്‌റ്റീഫൻ സ്‌പീൽബർഗ് സംവിധാനം ചെയ്‌ത് 1993ൽ പുറത്തിറങ്ങിയ ജുറാസിക് പാർക്ക് എന്ന സയൻസ് ഫിക്ഷൻ ചിത്രത്തോടെയാണ് ദിനോസർ എന്ന ഭീകരൻ അഭ്രപാളിയെ കിടുകിടെ വിറയ്പ്പിക്കാൻ തുടങ്ങിയത്. സ്‌പെഷ്യൽ ഇഫക്‌ടുകളുടെയും ആധുനിക സാങ്കേതികവിദ്യയുടെയും സഹായത്തോടെ ദിനോസറുകൾ വീണ്ടും അവതരിച്ചപ്പോൾ നാം അത്ഭുതപ്പെട്ടു.

അന്ന് റിലീസായതിൽ വച്ച് ഏറ്റവും കൂടുതൽ കളക്ഷൻ നേടി റെക്കാഡിട്ട ജുറാസിക് പാർക്കിനെപ്പറ്റി കേൾക്കാത്തവരില്ല. ജുറാസിക് പാർക്കിന് പിന്നാലെ ദ ലോസ്‌റ്റ് വേൾഡ് : ജുറാസിക് പാർക്ക് ( 1997), ജുറാസിക് പാർക്ക് III ( 2001 ), ജുറാസിക് വേൾഡ് ( 2015 ), ജുറാസിക് വേൾഡ് : ഫാളൻ കിംഗ്ഡം ( 2018 ) എന്നീ ചിത്രങ്ങളും പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ പരമ്പരയിലെ ആറാമത്തെ ചിത്രവും ജുറാസിക് വേൾഡിന്റെ മൂന്നാം ഭാഗവുമായ ' ജുറാസിക് വേൾഡ് : ഡൊമിനിയൻ ' പുറത്തിറങ്ങാൻ ഒരുങ്ങുകയാണ്. കളക്ഷൻ റെക്കാഡുകൾ വാരിക്കൂട്ടാനൊരുങ്ങുന്ന ജുറാസിക് വേൾഡ് : ഡൊമിനിയൻ 2021 ജൂണിൽ തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ. കോളിൻ ട്രെവോറോയാണ് സംവിധാനം. ക്രിസ് പ്രാറ്റ്, ബ്രൈസ് ഡല്ലാസ് ഹോവാർഡ്, സാം നീൽ, ലോറ ഡേൺ തുടങ്ങിയവർ ചിത്രത്തിലണിനിരക്കുന്നുണ്ട്.

വെലോസിറാപ്‌റ്റർ, ടൈറനോസോറസ്, ട്രൈസെറാടോപ്‌സ്, ബ്രാക്കിയോസോറസ് തുടങ്ങിയ ദിനോസർ വർഗങ്ങളെയാണ് ജുറാസിക് പരമ്പരയിൽ കാണാനാകുക. ജുറാസിക് പരമ്പരയിലെ താരം ടൈറനോസോറസ് എന്ന ടി - റെക്‌സ് ആണ്. ആനിമാട്രോണിക് സാങ്കേതിക വിദ്യയിലൂടെ നിർമിച്ച ടി -റെക്‌സ് മാതൃകയ്‌ക്ക് 20 അടി ഉയരവും 7,900 കിലോഗ്രാം ഭാരവുമുണ്ടായിരുന്നു. അതിവിദഗ്ദമായാണ് ടി - റെക്‌സ് ഉൾപ്പെടെയുള്ള ദിനോസറുകളുടെ ചലനം സ്ക്രീനിൽ ചിത്രീകരിച്ചിരിക്കുന്നത്. ആദ്യത്തെ ജുറാസിക് പാർക്ക് ചിത്രത്തിൽ ടി -റെക്‌സ് ജീപ്പിനെ പിന്തുടരുന്ന സീനുണ്ട്. ഈ സീൻ പൂർത്തിയാക്കാൻ സാങ്കേതിക വിദഗ്ദർക്ക് വേണ്ടി വന്നത് രണ്ട് മാസമാണ് ! രണ്ട് ദശാബ്‌ദത്തിലേറെയായി നമ്മേ ത്രില്ലടിപ്പിക്കുന്ന ജുറാസിക് പാർക്കിലെ ചില ദിനോസർ വിശേഷങ്ങളിലൂടെ....

 നാസയുടെ അഭിപ്രായത്തിൽ ശാസ്ത്രപരമായ കൃത്യതയുടെ കാര്യത്തിൽ മുൻപന്തിയിലുള്ള ലോകത്തെ ഏഴാമത്തെ സിനിമയാണ് ജുറാസിക് പാർക്ക് ( 1993 ).

 ആദ്യത്തെ ജുറാസിക് പാർക്കിൽ തന്നെ പ്രത്യക്ഷപ്പെടുന്ന ടി - റെക്‌സ് അഥവാ ടൈറനോസോറസ് എന്ന ഭീമൻ ദിനോസറിനെയാണ് ചിത്രത്തിന്റെ പോസ്‌റ്ററിനായി ഉപയോഗിച്ചിരിക്കുന്നത്.

 ഏകദേശം 7 കോടി വർഷങ്ങൾക്ക് മുമ്പ് അമേരിക്കൻ ഭൂഖണ്ഡത്തിലാണ് ടി -റെക്‌സുകൾ ജീവിച്ചിരുന്നത്. ദിനോസറുകളുടെ കൂട്ടത്തിലെ ഭീമൻമാരായ ഇക്കൂട്ടർ അതിശക്തരായ ഇരപിടിയൻമാർകൂടിയായിരുന്നു. ഇവയുടെ ഫോസിലുകളിൽ നിന്നാണ് ഗവേഷകർ ഈ ഭീമൻമാരുടെ രൂപത്തെപ്പറ്റിയുള്ള നിഗമനത്തിലെത്തിയത്. ഈ നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് ജുറാസിക് പാർക്ക് ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ ടി - റെക്‌സിനെ പുനഃസൃഷ്‌ടിച്ചിരിക്കുന്നത്. എന്നാൽ യഥാർത്ഥ ടി - റെക്‌സിന് ശരിക്കും സിനിമയിലെ രൂപമല്ല. ഉരുണ്ട ശരീരവും ചുളിവുകളിലില്ലാത്ത ശരീരവുമായിരുന്നു ടി - റെക്‌സിന് എന്നാണ് ഒരു കൂട്ടം ഗവേഷകർ പറയുന്നത്.

 രൂപത്തോടൊപ്പം തന്നെ ഭീകരമാണ് ടീ - റെക്‌സുകളുടെ അലറൽ. കേൾക്കുമ്പോൾ കിടുകിടെ വിറയ്‌ക്കുന്ന ദിനോസറിന്റെ ഈ ശബ്‌ദം രൂപപ്പെടുത്തിയതെങ്ങനെയെന്ന് അറിയാമോ? കുട്ടിയാന, കടുവ, ചീങ്കണ്ണി എന്നീ ജീവികളുടെ ശബ്‌ദം കൂട്ടിച്ചേർത്താണ് ടി - റെക്‌സിന്റെ ഘോര ശ‌ബ്ദം പുനഃസൃഷ്‌ടിച്ചിരിക്കുന്നത്. ഒരു തിമിംഗലത്തിന്റെ ചൂളമിടലാണ് ടി - റെക്‌സിന്റെ ശ്വാസമായി ഉപയോഗിച്ചിരിക്കുന്നത്. ഭൂമിയെ ഒന്നടങ്കം മുൾമുനയിൽ നിറുത്തിയ ദിനോസറിന്റെ ശബ്‌ദം പുനഃരാവിഷ്‌കരിക്കുന്നതിൽ സ്‌റ്റീഫൻ സ്‌പീൽബർഗും സംഘവും വിജയിച്ചതിങ്ങനെയാണ്. ശരിക്കും ദിനോസറുകൾക്ക് പക്ഷികളെ പോലെ മൃദുവായ ശബ്‌ദമായിരുന്നു എന്ന് വാദിക്കുന്ന ഗവേഷകരുമുണ്ട്. ഭീമൻ റെഡ്‌വുഡ് മരം നിലത്ത് വീഴുന്ന ശബ്‌ദമാണ് ടി - റെക്‌സി‌ന്റെ കാലടി ശബ്‌ദത്തിനുപയോഗിച്ചിരിക്കുന്നത്.

 ജുറാസിക് പാർക്കിലെ ( 1993 ) അതേ ടി - റെക്‌സിനെ തന്നെയാണ് ജുറാസിക് വേൾഡിലും കാണാനാകുന്നത്. ജുറാസിക് പാർക്കിൽ വെലോസിറാപ്ടറുകളോട് മല്ലടിച്ചതിലൂടെ ടി -റെക്‌സിന്റെ ശരീരത്തിലുണ്ടായ വലിയ മുറിവുകളുടെ പാടുകൾ ജുറാസിക് വേൾഡിൽ കാണാം. ജുറാസിക് പാർക്കിലെ ഏക ടി -റെസ്‌ക് ഇതാണ്. !

 ജുറാസിക് സീരീസിലെ ചിത്രങ്ങളുടെ പാലിയെന്റോളജി അഡ്വൈസറാണ് ലോകപ്രശസ്‌ത അമേരിക്കൻ പാലിയന്റോളജിസ്‌റ്റ് ജോൺ റോബർട്ട് ഹോർണർ എന്ന ജാക്ക് ഹോർണർ. സസ്യഭുക്കുകളായ മയസോറ ദിനോസറുകളെ കണ്ടെത്തിയത് 73കാരനായ ഹോർണറാണ്. കുഞ്ഞുങ്ങളെ പരിപാലിച്ചിരുന്ന ദിനോസറുകൾ ഉണ്ടായിരുന്നു എന്നതിന്റെ തെളിവുകൾ കണ്ടെത്തിയത് ഇദ്ദേഹമാണ്. ജുറാസിക് വേൾഡ് സിനിമയിൽ ഹോർണർ അതിഥി വേഷത്തിലെത്തുകയും ചെയ്‌തു. ജുറാസിക് പരമ്പരയിലെ കേന്ദ്രകഥാപാത്രങ്ങളിലൊന്നായ ഡോ. അലൻ ഗ്രാന്റിന് പ്രചോദനമായത് ഹോർണറാണ്. കോഴിയുടെ ഡി.എൻ.എയിൽ നിന്നും ദിനോസറുകളെ രൂപപ്പെടുത്താനുള്ള പരീക്ഷണങ്ങളിലാണ് ഹോർണർ ഇപ്പോൾ. 2009ൽ ഹോർണർ പുറത്തിറക്കിയ ' ഹൗ ടു ബിൽഡ് എ ഡൈനോസർ: എക്‌സ്‌റ്റിംഗ്ഷൻ ഡസ് നോട്ട് ഹാവ് ടു ബീ ഫോറെവർ ' എന്ന പുസ്‌തകത്തിൽ ഇതേപ്പറ്റി വിശദമായി പറയുന്നുണ്ട്.

 1993ൽ ആദ്യത്തെ ജുറാസിക് പാർക്ക് പുറത്തിറങ്ങുമ്പോൾ തിയേറ്ററിൽ പോയി കാണാനുള്ള ടിക്കറ്റെടുക്കാനുള്ള പണം തന്റെ കൈയ്യിലില്ലായിരുന്നു എന്നാണ് നടൻ ഇർഫാൻ ഖാൻ ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തിയത്. അതേ ഇർഫാൻഖാനാണ് വർഷങ്ങൾക്കിപ്പുറം ജുറാസിക് പരമ്പരയിലെ നാലാമത്തെ ചിത്രമായ ജുറാസിക് വേൾഡിൽ അഭിനയിച്ചത് ! ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നായ സൈമൺ മാസ്റാനിയുടെ വേഷമാണ് ഇർഫാൻ അവതരിപ്പിച്ചത്.

 വെലോസിറാപ്ടറുകളുടെ ശബ്‌ദം ഡോൾഫിന്റെയും വാൽവറസിന്റെയും ശബ്‌ദങ്ങൾ തമ്മിൽ ചേർത്താണ് ആവിഷ്‌കരിച്ചത്