കല്ലമ്പലം: കല്ലമ്പലം മേഖലയിൽ ജനങ്ങളെ ഭീതിയിലാക്കി ഇരുചക്രവാഹനങ്ങൾ ചീറിപ്പായുന്നു. നിയമങ്ങൾ കാറ്റിൽപ്പറത്തിയുള്ള ഈ ഒടുക്കത്തെ പാച്ചിൽ അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നു. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ പത്തിലധികം ബൈക്കപകടങ്ങളാണ് കല്ലമ്പലം മേഖലയിൽ നടന്നത്. ചേന്നൻകോടിനു സമീപം രണ്ടുമാസത്തിനു മുൻപ് അമിതവേഗതയിൽ പാഞ്ഞു വന്ന പൾസർ ബൈക്ക് എതിർ ദിശയിൽ നിന്നെത്തിയ കാറിൽ ഇടിച്ചുണ്ടായ അപകടത്തിൽ റോഡിൽ തലയിടിച്ചു വീണ് രക്തത്തിൽ കുളിച്ചു കിടന്ന പെൺകുട്ടിക്ക് വേണ്ടിയുള്ള വഴിയാത്രക്കാരിയുടെ നിലവിളി ഇന്നും ആരും മറന്നിട്ടില്ല.
നിയമ സംവിധാനങ്ങളെ നോക്ക് കുത്തിയാക്കി ചീറിപ്പായുന്ന ഇരുചക്രവാഹനങ്ങൾക്ക് മുന്നിൽ പകച്ചു നിൽക്കുകയാണ് കാൽനടയാത്രക്കാരും വാഹനങ്ങളും. ഗതാഗത ചട്ടങ്ങൾക്ക് വില കൽപ്പിക്കാത്ത വേഗതയും രൂപ ഘടനയിൽ പോലും മാറ്റം വരുത്തിയുള്ള ബൈക്കുകളുടെ ഉപയോഗങ്ങളുമാണ് അപകടങ്ങൾ വർദ്ധിക്കാൻ കാരണം. വാഹനങ്ങൾക്ക് നിർമ്മാതാക്കൾ നിശ്ചയിച്ചിരിക്കുന്ന രൂപഘടനയിൽ മാറ്റം വരുത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർക്ക് സർക്കാർ നിർദ്ദേശം നൽകണമെന്നായിരുന്നു കോടതി ഉത്തരവ്.
ശബ്ദം നിയന്ത്രിക്കുന്നതിനായി ഘടിപ്പിച്ചിട്ടുള്ള സൈലൻസറുകൾ ഊരി മാറ്റി മൃഗങ്ങളുടെയും കുട്ടികളുടെയും കരച്ചിൽ ശബ്ദവും ഘടിപ്പിച്ച് പ്രവർത്തി ദിവസങ്ങളിൽ വിദ്യാലയങ്ങൾക്ക് മുന്നിൽ റേസിംഗ് നടത്തുന്നവരുടെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭ്യമായാൽ പോലും നടപടി ഉണ്ടാകാറില്ല.അനുവദനീയമായ ശബ്ദ പരിധിയായ 90 ഡെസിബൽ കടക്കരുതെന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാൽ ഇടി മുഴക്കം പോലുള്ള ശബ്ദവും ബൈക്കിന്റെ പെഡലിൽ ഘടിപ്പിച്ചിരിക്കുന്ന ഇരുമ്പ് പൈപ്പ് റോഡിൽ ഉരസിപ്പിച്ച് തീ പാറിച്ച് പോകുമ്പോഴും ഹെൽമറ്റ് വേട്ടയിൽ മാത്രം ഒതുങ്ങുന്നു നിയമപാലനം. കൊറോണ രോഗത്തിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിലും ബോധവത്കരണങ്ങളിലും മറ്റും ഉദ്യോഗസ്ഥർ തിരക്കിലായതോടെ വാഹന പരിശോധന നാമമാത്രമായി.