കല്ലമ്പലം: ദിവസം ആയിരത്തിലധികം ജനങ്ങൾ വന്നുപോകുന്ന കല്ലമ്പലത്ത് പബ്ലിക് കംഫർട്ട് സ്റ്റേഷൻ എന്നത് വെറും സ്വപ്നമായി ഇനിയും അവശേഷിക്കുന്നു. പൊതുടൊയ്‌ലെറ്റ് നിർമ്മിക്കാൻ പല ശ്രമങ്ങളും നടന്നുവെങ്കിലും ഫലം കണ്ടില്ല. പലതവണ ജനപ്രതിനിധികൾ താലൂക്ക് സഭയിൽ പ്രശ്നം അവതരിപ്പിക്കുകയും തഹസീൽദാർക്ക് നിവേദനം നൽകിയതിനെത്തുടർന്ന് കല്ലമ്പലം പബ്ലിക് മാർക്കറ്റിൽ കംഫർട്ട് സ്റ്റേഷൻ നിർമാണം പൂർത്തിയാക്കിയെങ്കിലും യഥാസമയം ഉദ്ഘാടനം നടത്തി പൊതുജനത്തിന് തുറന്ന്‍ കൊടുത്തില്ല. മാർക്കറ്റ് ശുചീകരണത്തിനിടയിൽ ജെ.സി.ബി കയറി സെപ്റ്റിക് ടാങ്ക് തകർന്നത് കാരണം ഉദ്ഘാടനം വീണ്ടും നീണ്ടുപോയി. സെപ്റ്രിക്ക് ടാങ്കിന്റെ പണിയും ഇപ്പോൾ യഥാവിധി നടക്കുന്നില്ല. നാവായിക്കുളം, ഒറ്റൂർ, മണമ്പൂർ, കരവാരം തുടങ്ങി നാല് പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന കല്ലമ്പലം വരുമാനം ലഭിക്കുന്നതിൽ മുന്നിലാണെങ്കിലും അധികൃതരുടെ അവഗണന നേരിടുകയാണ്. ജംഗ്ഷനിൽ നിന്ന് അല്പം വിട്ടാണെങ്കിലും വർക്കല റോഡിൽ കല്ലമ്പലം മാർക്കറ്റിൽ നിർമ്മിച്ച കംഫർട്ട് സ്റ്റേഷൻ നിർമ്മാണം പൂർത്തിയാക്കി പൊതുജനങ്ങൾക്കായി തുറന്നു കൊടുത്താൽ ഏറെ പ്രയോജനകരമാകും. പത്തുവർഷമായി ഇഴഞ്ഞ് നീങ്ങുന്ന ഒരിക്കലും പൂർത്തിയാകാത്ത കംഫർട്ട് സ്റ്റേഷൻ നിർമ്മാണത്തിൽ ജനകീയ രോഷം പുകയുകയാണ്. ഇക്കാര്യത്തിലെ ഫണ്ട് വെട്ടിപ്പും, കെടുകാര്യസ്ഥതയും അലംഭാവവും ജനശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി ജനകീയ കൂട്ടായ്മ തയാറെടുക്കുകയാണ്.