കല്ലമ്പലം: വേനൽ കടുത്തതോടെ കല്ലമ്പലം മേഖലകളിൽ കുടിവെള്ള ക്ഷാമം രൂക്ഷം. പരമ്പരാഗത ജല സ്രോതസുകൾ കൊണ്ട് സമ്പന്നമായ നാവായിക്കുളം, ഒറ്റൂർ, മണമ്പൂർ, കരവാരം, ചെമ്മരുതി മേഖലകളിൽ ഗാർഹികാവശ്യങ്ങൾക്കായി ഉപയോഗിച്ചുകൊണ്ടിരുന്ന കുളങ്ങളിലെ വെള്ളത്തിന്റെ അളവ് കുറഞ്ഞതും കിണറുകൾ വറ്റി തുടങ്ങിയതുമാണ് പ്രദേശവാസികളെ ആശങ്കയിലാക്കുന്നത്. ജലക്ഷാമം രൂക്ഷമായതോടെ നിർമാണ മേഖലയിൽ കുഴൽ കിണറുകൾ വ്യാപകമായി കുഴിച്ചതാണ് കിണറുകളിൽ വെള്ളം വറ്റാൻ ഇടയായതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഗൃഹ നിർമാണത്തിനും ഫ്ലാറ്റുകളുടെ നിർമ്മാണത്തിനും കുഴൽ കിണറുകൾ നിർമിക്കുന്നത് നിയമങ്ങൾ കാറ്റിൽ പറത്തിയാണ്. ഒന്നര ലക്ഷം രൂപ നൽകിയാൽ ഒരു മാസത്തിനുള്ളിൽ കുഴൽകിണർ ശരിപ്പെടുത്തി നൽകുന്ന മാഫിയാ സംഘമാണ് ഇതിന് പിന്നിൽ. കുഴൽ കിണർ വന്നതോടെ കിണറുകളിൽ വെള്ളം വറ്റിത്തുടങ്ങി.

പഞ്ചായത്തുകൾ നിർദ്ദേശിക്കുന്ന പ്രദേശങ്ങളിൽ കുടിവെള്ള വിതരണത്തിനായി വാട്ടർ അതോറിട്ടിയാണ് വെള്ളം ശുദ്ധീകരിച്ചു നൽകുന്നത്. ജല അതോറിട്ടിയുടെ വാഹനങ്ങൾക്ക് പുറമെ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ കുടിവെള്ള വിതരണമെന്ന് വാഹനത്തിന് പുറത്തു രേഖപ്പെടുത്തിയിരിക്കണമെന്നും വ്യവസ്ഥയുണ്ട്. നിർമാണ മേഖലയ്ക്കും മറ്റു വ്യാപാര ആവശ്യങ്ങൾക്കും നൽകുന്ന വെള്ളമാണ് സ്വകാര്യ ഏജൻസികൾ കുടിവെള്ളമായി വിതരണം ചെയുന്നത്. ശുദ്ധീകരിച്ച ജലസ്രോതസുകളിൽ നിന്ന് മാത്രമേ കുടിവെള്ള വിതരണം നടത്താവൂ എന്ന നിയമവും സ്വകാര്യന്മാർ ചെവിക്കൊള്ളാറില്ല. കോളനികൾ ഉൾപ്പെടെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളിൽ വിതരണം ചെയുന്ന വെള്ളത്തിന്റെ ഗുണനിലവാരം കണക്കാക്കുന്നതിന് യാതൊരു നടപടിയും അധികൃതർ എടുത്തിട്ടില്ല. ചൂട് കൂടിയതോടെ കോളറ ഉൾപ്പെടെയുള്ള രോഗങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടവർ മുന്നറിയിപ്പും നൽകുന്നു.