ആലപ്പുഴയിൽ ഒരു കർഷകതൊഴിലാളിയുടെ മകൻ അമീബിയാസ് (വയറുകടി) ബാധിച്ച് മരിച്ചതോടെ ഇപ്പോൾ ആരോഗ്യമേഖലയിൽ അമീബിയാസിസ് ചർച്ചയായിരിക്കുകയാണ്. ''എന്റമീബ ഹിസ്റ്റോലിക്ക''എന്ന പരാദ പ്രോട്ടോസോവ മനുഷ്യ ശരീരത്തിൽ രോഗമുണ്ടാക്കുന്ന അവസ്ഥയിലോ അല്ലാതെയോ കണ്ടെത്തിയാൽ അമീബിയ രോഗബാധയായി കണക്കാക്കണം. ഇത് ബാധിക്കുന്നവരിൽ 10 ൽ ഒരാൾക്ക് മാത്രമാണ് രോഗലക്ഷണങ്ങൾ കാണുന്നത്. ലക്ഷണങ്ങൾ ഉള്ളവരിൽത്തന്നെ കുടലിനെ ബാധിക്കുന്ന തരമെന്നും (വയറുകടി) കുടലേതരമെന്നും (ലിവർ , തലച്ചോർ തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന )വിഭജിച്ചിരിക്കുന്നു.
ലാറ്റിനമേരിക്ക, ചൈന, മറ്ര് ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ ഇത് ഒരു പ്രധാന ആരോഗ്യപ്രശ്നമായി തുടരുകയാണ്. രോഗാണുബാധ ഉള്ളവരിൽ 10ൽ ഒരാൾക്ക് മാത്രമാണ് വിര കുടൽ ഭിത്തി തുരന്ന് രോഗാവസ്ഥയിൽ എത്തുന്നത്. ലോകത്ത് പ്രതിവർഷം 70,000 പേർ ഇതുമൂലം മരിക്കുന്നതായി കണക്കാക്കുന്നു.
കാരണം
എന്റമീബ ഹിസ്റ്റോളിക്ക എന്ന വിഭാഗത്തിൽപ്പെട്ട അമീബ 18 തരങ്ങൾ മനുഷ്യനെ ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ''7 തരം'' രോഗാവസ്ഥ ഉണ്ടാക്കുന്നതായി തെളിഞ്ഞിട്ടുണ്ട്.11 തരം രോഗമുണ്ടാക്കാതെ കുടലിൽ പരാദമായി ജീവിക്കും. ഇത് രണ്ട് രൂപഭേദങ്ങളായി കാണുന്നുണ്ട്. ട്രോഫോസോയിറ്റ് എന്ന നിരന്തരം വിഭജനം നടത്തി കൂത്താടുന്നതും മലത്തിലൂടെ പുറത്തുവരുന്ന സിസ്റ്റിക് ഭേദവും. ആഹാരത്തിലൂടെയും മനുഷ്യമാലിന്യം കലർന്ന ജലത്തിലൂടെയും കുടലിലെത്തുന്ന ഈ സിസ്റ്റ് വിരിഞ്ഞ് ആക്ടീവ് ആയ അമീബയായി വിഹരിക്കും. ചില അമീബകൾ കുടൽഭിത്തി തുരന്ന് വ്രണങ്ങൾ ഉണ്ടാക്കുകയും രക്തസ്രാവം ഉണ്ടാക്കുകയും ചെയ്യും. രക്തക്കുഴൽവഴി കരൾ , തലച്ചോർ എന്നിവിടങ്ങളിലെത്തി പഴുപ്പായി മാറുന്നതിനും സാദ്ധ്യതയുണ്ട്. മനുഷ്യരിൽ മാത്രമേ രോഗാണുക്കൾ ജീവിക്കുകയും പെറ്റുപെരുകുകയുമുള്ളു. രോഗാവസ്ഥയില്ലാതെ രോഗവാഹകരായി മനുഷ്യൻ നിലനിൽക്കുന്നതാണ് ഇതിന്റെ പ്രതിരോധത്തെ ബാധിക്കുന്ന പ്രധാന പ്രശ്നം. രോഗവാഹിയായ ഒരാൾ ദിനംപ്രതി ഒന്നരക്കോടിയിലേറെ അണുമുട്ടകൾ വിസർജ്ജിക്കും. ഇത് വർഷങ്ങളോളം തുടരുകയും ചെയ്യാം. വൃത്തിഹീനമായ ചുറ്റുപാടുകളിൽ ജീവിക്കുന്നവർക്കും ടോയ്‌ലറ്റ് സൗകര്യമില്ലാത്ത സാഹചര്യങ്ങളിൽ താമസിക്കുന്നവർക്കും താഴ്ന്ന സാമൂഹിക സാമ്പത്തിക നിലയിലുള്ളവർക്കുമാണ് ഇത് കൂടുതൽ കണ്ടുവരുന്നത്. കൃഷിയിടങ്ങളിൽ മലമൂത്ര വിസർജ്ജനം ചെയ്യുന്നതും വിസർജ്യം വളമായി ഉപയോഗിക്കുന്നതും രോഗവ്യാപനം കർഷകരിൽ കൂടുതലാകാൻ കാരണമാകും.
രോഗവ്യാപനം
മനുഷ്യവിസർജ്യം ആഹാരത്തോടൊപ്പമോ കുടിവെള്ളം വഴിയോ ഉള്ളിൽ ചെന്നാണ് പ്രധാനമായും രോഗം വ്യാപിക്കുന്നത്. പച്ചയ്ക്ക് കഴിക്കുന്ന മലക്കറികൾ (കാബേജ് , സവാള , കാരറ്റ് തുടങ്ങിയവ) വഴിയും രോഗം പകരാം. മലവിസർജനത്തിനുശേഷം ശരിക്ക് കൈ വൃത്തിയാക്കാത്തവരിൽ നേരിട്ട് തന്നെ രോഗബാധ അധികരിക്കാം. പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധവും രോഗവ്യാപനത്തിന് കാരണമായി കണ്ടെത്തിയിട്ടുണ്ട്. ഈച്ച, പാറ്റ, എലികൾ വഴിയും ആഹാരസാധനങ്ങൾ വഴിയും രോഗം പകരാം.
ഡോ.കെ.വേണുഗോപാൽ,
സീനിയർ കൺസൾട്ടന്റ്,
ശ്രീമംഗലം, പഴവീട്,
ആലപ്പുഴ.
ഫോൺ: 9447162224.