തിരുവനന്തപുരം: വാഹനാപകടങ്ങൾ പരമാവധി കുറയ്ക്കൽ ലക്ഷ്യമിട്ട് മോട്ടോർ വാഹന വകുപ്പ് പ്രഖ്യാപിച്ച പദ്ധതികൾ ഇഴയുന്നു. 14 ജില്ലകളിലും കൺട്രോൾ റൂം തുറക്കുമെന്നും 51 സ്ക്വാഡുകളെ നിരത്തിലിറക്കുമെന്നുമുള്ള പ്രഖ്യാപനങ്ങൾ ജീവനക്കാരുടെ കുറവ് നിമിത്തം നടപ്പാക്കാനായില്ല.
ഈ വർഷത്തോടെ റോഡപകടങ്ങൾ 50 ശതമാനം കുറയ്ക്കൽ എന്ന ലക്ഷ്യം നിലവിലെ അംഗബലത്തിൽ അസാദ്ധ്യമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. സ്ക്വാഡുകളുടെ എണ്ണമടക്കം വർദ്ധിപ്പിക്കണമെന്നാണ് ട്രാൻസ്പോർട്ട് കമ്മിഷണറേറ്റിന്റെ ആവശ്യം.നിലവിൽ 31 സ്ക്വാഡുകളാണുള്ളത്.ഇത് 85 ആയി ഉയർത്തണമെന്നാണ് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നത്.
അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായി നിയമിക്കപ്പെടാൻ നിലവിലെ പി.എസ്.സി ലിസ്റ്റിൽ തന്നെ ആളുണ്ട്. എന്നിട്ടും നിയമനം വൈകുന്നു. ചെക്ക് പോസ്റ്റുകളിലും ആവശ്യത്തിന് ജീവനക്കാരില്ല.
കൺട്രോൾറൂമുകളുടെ അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് 93.75 കോടിയും പുതിയ ജീവനക്കാരുടെ തസ്തിക സൃഷ്ടിക്കുന്നതിന് 32.27 കോടിയും താൽക്കാലിക ജീവനക്കാർക്ക് 7.19 കോടി രൂപയുമടക്കം124.21 കോടി രൂപ ചെലവ് വരുമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ സർക്കാരിനു നൽകിയ റിപ്പോർട്ടിൽ പറയുന്നു.