പാറശാല: കാരോട് പഞ്ചായത്തിലെ എറിച്ചല്ലൂർ ഗവ. എൽ.പി.സ്‌കൂളിൽ നടന്ന പഞ്ചായത്തുതല പഠനോത്സവത്തിൽ ഉദ്ഘാടകയായ കാരോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ഉദയനെ വെല്ലുവിളിച്ച് ഒന്നാം ക്ലാസ് കുട്ടികൾ. ജനപ്രതിനിധികളുമായും രക്ഷകർത്താക്കളുമായും വിദ്യാർത്ഥികൾ അവരുടെ പഠനത്തെളിവുകൾ പങ്കുവച്ചു. രക്ഷകർത്താക്കളുമായി വിദ്യാർത്ഥികൾ നടത്തിയ ചോദ്യോത്തരക്കളരി വേറിട്ട അനുഭവമായി. ഉത്തരം പറയാനറിയാതെ പകച്ചു നിന്ന ചില രക്ഷകർത്താക്കൾക്കു വേണ്ടി വിദ്യാർത്ഥികൾ തന്നെ ഉത്തരം പറഞ്ഞ് കാണികളെ അമ്പരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനി. ജെ, വിദ്യാഭ്യാസ സ്ഥിരം സമിതി അംഗം ചന്ദ്രിക, പാറശാല ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീജ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എ. അജീഷ്, വി. അനിത, ബി.ആർ.സി പരിശീലകരായ എസ്. അജികുമാർ, ഷീബ എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് എസ്. ബൈജു, പ്രഥമാദ്ധ്യാപിക ജെ. വിജയലക്ഷ്മി, അദ്ധ്യാപകരായ ടി.എൻ. അനിൽകുമാർ,വിജയകുമാരി, ജയശ്രീ, വിദ്യാർത്ഥികളായ അനുശ്രീ, വൈഷ്ണവി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.