തിരുവനന്തപുരം: കോട്ടയ്ക്കകത്തെ ചട്ടമ്പിസ്വാമികളുടെ ക്ഷേത്രം സ്ഥിതി ചെയ്യുന്ന തീർത്ഥപാദമണ്ഡപം ഏറ്റെടുത്ത സർക്കാർ നടപടി മര്യാദയില്ലാത്തതും കാടത്തമാണെന്നും വിദ്യാധിരാജ സഭ. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സഭാ പ്രസിഡന്റ് കെ.രാമൻപിള്ള, സെക്രട്ടറി ഡോ.അജയകുമാർ, രക്ഷാധികാരി സ്വാമി അഭയാനന്ദ തീർത്ഥപാദർ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഭൂമി സർക്കാർ ഏറ്റെടുത്തതിനെ തുടർന്ന് നാളെ വാഴൂരിൽ നിന്ന് ആരംഭിക്കാനിരുന്ന രഥയാത്രയും ഈ മാസം പത്തിന് നടത്താനിരുന്ന തറക്കല്ലിടൽ ചടങ്ങും റദ്ദാക്കി. സ്‌മാരകത്തിന് മുഖ്യമന്ത്രി തറക്കല്ലിടാനിരിക്കെയാണ് റവന്യൂ വകുപ്പിന്റെ അതിക്രമമെന്നും ഇത് ചട്ടമ്പിസ്വാമികളോടും മുഖ്യമന്ത്രിയോടുമുള്ള അവഹേളനമാണെന്നും അവർ കുറ്റപ്പെടുത്തി. ക്ഷേത്രത്തിനകത്തുണ്ടായിരുന്ന സഭയുടെ വസ്തുക്കളും രേഖകളും എടുക്കാനുള്ള സാവകാശം പോലും നൽകിയില്ല. പൂട്ട് തകർത്താണ് ഏറ്റെടുത്തത്. ആവശ്യപ്പെട്ടിരുന്നെങ്കിൽ താക്കോൽ നൽകുമായിരുന്നു. സ്ഥലം ഏറ്റെടുക്കാനുള്ള സർക്കാരിന്റെ നീക്കം 2017ലും 19ലും ഹൈക്കോടതി സ്റ്റേ ചെയ്തതാണ്. സർക്കാർ അപ്പീലിന് പോയിട്ടില്ല. അതിനർത്ഥം വിധി സർക്കാർ മാനിക്കുന്നുവെന്നാണ്. സ്ഥലം നൽകിയപ്പോൾ സഭ തുക അടച്ചില്ലെന്ന വാദം തെറ്റാണ്. ഇതിന് സർക്കാർ രേഖയുണ്ട്. എന്നാൽ 1975- 80 കാലഘട്ടത്തിലെ വഞ്ചിയൂർ വില്ലേജിലെ വരവുചെലവ് രേഖകൾ ഇപ്പോൾ ലഭ്യമല്ല. സഭയ്ക്ക് നൽകിയ ഭൂമി ട്രസ്റ്റിന് കൈമാറിയെന്ന വാദം തെറ്റാണ്. സൊസൈറ്റിയുടെ നടത്തിപ്പിനാണ് ട്രസ്റ്റ് രൂപീകരിച്ചത്. ഇത് ബൈലായിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്ഥലം മറ്റാർക്കോ കൈമാറാൻ നീക്കം
ചട്ടമ്പിസ്വാമിയുടെ ക്ഷേത്രത്തിൽ പൂജ മുടങ്ങി. ഏറ്റെടുത്ത സ്ഥലം മറ്റാർക്കോ നൽകാൻ നീക്കമെന്നാണ് സംശയം. തിടുക്കപ്പെട്ടുള്ള ഏറ്റെടുക്കലിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ഹിയറിംഗിന് വിളിച്ചപ്പോൾ വിശദമായ മറുപടി നൽകിയിരുന്നു. ഹൈക്കോടതി തള്ളിയ കാരണങ്ങൾ വീണ്ടും പറഞ്ഞു ഭൂമി ഏറ്റെടുത്തത് കോടതിയലക്ഷ്യമാണ്. ഇക്കാര്യങ്ങൾ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തും. ക്ഷേത്രമിരിക്കുന്ന സ്ഥലം മാത്രമായി തങ്ങൾക്ക് വേണ്ടെന്നും സഭ വ്യക്തമാക്കി.
അപേക്ഷ നൽകിയാൽ സ്ഥലം
തിരികെ നൽകും: മന്ത്രി കടകംപള്ളി
ഏറ്റെടുത്ത ചട്ടമ്പിസ്വാമി സ്‌മാരകവും തീർത്ഥപാദമണ്ഡപവും സർക്കാർ സംരക്ഷിക്കും. വിദ്യാധിരാജ സഭ ശരിയായ രീതിയിൽ അപേക്ഷ നൽകിയാൽ സ്ഥലം തിരിച്ചുനൽകും. പാത്രക്കുളം മൂടിയതാണ് കിഴക്കേകോട്ടയും പദ്മനാഭസ്വാമി ക്ഷേത്രവും വെള്ളത്തിനടിയിലാകാൻ കാരണം. ബി.ജെ.പി വിഷയത്തെ രാഷ്ട്രീയവത്ക്കരിക്കുന്നു