kerala-legislative-assemb

തിരുവനന്തപുരം: പൊലീസ് തലപ്പത്തെ അഴിമതിയാരോപണങ്ങൾ സംബന്ധിച്ച സി.എ.ജി റിപ്പോർട്ടിനെ ചൊല്ലി ഇന്ന് തുടങ്ങുന്ന നിയമസഭാസമ്മേളനത്തിൽ ചോദ്യോത്തരവേള മുതൽ പ്രകോപനത്തിന് പ്രതിപക്ഷം തയ്യാറെടുക്കുന്നു.

പൊലീസ് ആംഡ് ബറ്റാലിയനിൽ നിന്ന് തോക്കുകളും വെടിയുണ്ടകളും കാണാതായതായി സി.എ.ജി റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ടോയെന്ന ചോദ്യമാണ് ഇന്ന് സഭാതലത്തിൽ നോട്ടീസ് നൽകിയിരിക്കുന്ന ആദ്യത്തെ ചോദ്യം.

ഒന്നാമത്തെ ചോദ്യം തന്നെ സി.എ.ജി റിപ്പോർട്ടിനെ ചൊല്ലി ആയതിനാൽ തുടക്കം മുതൽ സഭ കലങ്ങി മറിയും.

പ്രതിപക്ഷ അംഗങ്ങളായ കെ.എം. ഷാജി, മഞ്ഞളാംകുഴി അലി, എം.സി. കമറുദ്ദീൻ, സി. മമ്മൂട്ടി എന്നിവരുടെ ചോദ്യത്തിന് പിന്നാലെ വിവിധ പ്രതിപക്ഷ അംഗങ്ങളുടേതായി സഭയിൽ ഇന്നുന്നയിക്കാൻ പോകുന്നത് 32 ചോദ്യങ്ങൾ.

സി.എ.ജി റിപ്പോർട്ട്, സിംസ് പദ്ധതിക്കരാർ അഴിമതി, തണ്ടർബോൾട്ടിന് നൈറ്റ് വിഷൻ റിമോട്ട് കാമറകൾ വാങ്ങിയത് എന്ന് തുടങ്ങിയ ചോദ്യങ്ങളാണ് ഇന്ന് ഉന്നയിക്കാൻ നോട്ടീസ് നൽകിയിരിക്കുന്നത്.

ഇതിൽ ആറെണ്ണം സഭാതലത്തിൽ ഉന്നയിക്കപ്പെടേണ്ട നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളാണ്. 26 എണ്ണം രേഖാമൂലം മറുപടി കിട്ടേണ്ട നക്ഷത്രചിഹ്നമിടാത്തവയും.

വി.ഡി. സതീശൻ, കെ.സി. ജോസഫ്, വി.ടി. ബൽറാം, പി.ടി. തോമസ്, പി. ഉബൈദുള്ള, കെ.എൻ.എ. ഖാദർ, പാറക്കൽ അബ്ദുള്ള, അൻവർ സാദത്ത്, കെ.എസ്. ശബരീനാഥൻ, വി.എസ്. ശിവകുമാർ, സണ്ണി ജോസഫ്, ഷാഫി പറമ്പിൽ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ടി.ജെ. വിനോദ്, വി.പി. സജീന്ദ്രൻ, ഷാനിമോൾ ഉസ്മാൻ, എൽദോസ് പി. കുന്നപ്പിള്ളിൽ, ഐ.സി. ബാലകൃഷ്ണൻ, എൻ. ഷംസുദ്ദീൻ, പി.കെ. അബ്ദുറബ്ബ്, പി.കെ. ബഷീർ, എൻ.എ. നെല്ലിക്കുന്ന്, എം. വിൻസന്റ്, ഡോ.എം.കെ. മുനീർ, പി. അബ്ദുൾ ഹമീദ്, അനിൽ അക്കരെ, എ.പി. അനിൽകുമാർ, റോജി എം. ജോൺ, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, ടി.എ. അഹമ്മദ് കബീർ, എം. ഉമ്മർ, പി.സി. ജോർജ്, ടി.വി. ഇബ്രാഹിം, അനൂപ് ജേക്കബ് എന്നിവർ വിവിധ ചോദ്യങ്ങൾ ഇതുമായി ബന്ധപ്പെട്ട് മാത്രം ഇന്നുന്നയിക്കാൻ എഴുതി നൽകിയിട്ടുണ്ട്.