വെഞ്ഞാറമൂട്: കാറിടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട ജീപ്പ് കേബിൾ പോസ്റ്റിലിടിച്ച് ആറു പേർക്ക് പരിക്ക്. ജീപ്പ് ഡ്രൈവർ കൊട്ടാരക്കര അമ്പലത്തുകാല സ്വദേശി അശോക കുമാർ (43), യാത്രക്കാരായ അമ്പലത്തുകാല സന്തോഷ് ഭവനിൽ സന്തോഷ് കുമാർ (48), സഹോദരന്റെ ഭാര്യ സുജാത (41), മക്കളായ സുജിത് (16), സൂരജ് (13), കാർ ഡ്രൈവർ നെയ്യാറ്റിൻകര സ്വദേശി ഷാനവാസ് (29) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി 11ന് സംസ്ഥാന പാതയിൽ ആലുന്തറ ജംഗ്ഷന് സമീപത്തായിരുന്നു അപകടം. കൊട്ടാരക്കര നിന്നും തിരുവനന്തപുരം എയർപോർട്ടിലേക്ക് വരുകയായിരുന്നു ജീപ്പിന്റെ പിറകിൽ അമിതവേഗതയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ജീപ്പ് സമീപത്തെ കോൺക്രീറ്റ് തിട്ട തകർത്ത ശേഷം പോസ്റ്റിലിടിച്ച് നിന്നു. കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.