തിരുവനന്തപുരം: കൊറോണ ഭീതിയെത്തുടർന്ന് തിരുവനന്തപുരം സ്വദേശികളായ 17 മത്സ്യത്തൊഴിലാളികൾ ഇറാനിൽ കുടുങ്ങി.

നാലുമാസം മുമ്പ് മത്സ്യബന്ധന വിസയിൽ ഇറാനിലെത്തിയ ഇവരിൽ 12 പേർ പൊഴിയൂരിൽ നിന്നും​ 4 പേർ വിഴിഞ്ഞത്ത് നിന്നും ഒരാൾ​ മരിയനാട് സ്വദേശിയുമാണ്. ഇറാനിലെ അസലൂരിലെ ഒരു മുറിയിലാണ് ഇവരുള്ളത്. 'മുറിയിൽ നിന്ന് പുറത്തിറങ്ങാനാവുന്നില്ല. കൈയിൽ കരുതിയിരുന്ന ആഹാര സാധനങ്ങൾ തീരാറായി. സ്‌പോൺസറുമായി ബന്ധപ്പെട്ടപ്പോൾ സർക്കാരെ വിവരം അറിയിച്ച് ഇന്ത്യയിലേക്ക് മടങ്ങാൻ പറഞ്ഞു. ഇറാനിലെങ്ങും കൊറോണ വ്യാപകമായതിനാൽ വൈറസ് ബാധയേൽക്കുമോ എന്ന പേടിയുമുണ്ട്."- പൊഴിയൂർ സ്വദേശിയായ അരുൾദാസ് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ തങ്ങളുടെ അവസ്ഥ വിവരിച്ചു.

മലയാളികൾ ഉൾപ്പടെ 23 ഇന്ത്യക്കാരാണ് ഇവർ താമസിക്കുന്ന മുറിയിലുള്ളത്. ഇതുപോലെ പല മുറികളിലായി 100ൽ അധികം ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നതായി അരുൾദാസ് പറഞ്ഞു.

ചൈന കഴിഞ്ഞാൽ കൊറോണ ബാധിച്ച് ഏറ്രവുമധികം പേർ മരിച്ച രാജ്യമാണ് ഇറാൻ. ഇവിടെ നിന്നുള്ള വിമാന സ‌ർവീസുകളെല്ലാം റദ്ദാക്കിയിരിക്കുകയാണ്.

 മോചിപ്പിക്കും: സർക്കാർ

ഇറാനിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ. ഇറാനിൽ കുടുങ്ങിയ 60ഓളം മലയാളികളുടെ വിവരങ്ങളും വിലാസവും നോർക്കയ്ക്ക് കൈമാറിയിട്ടുണ്ട്. ഇന്ത്യൻ എംബസി വഴി ഇവരെ തിരികെ എത്തിക്കാനാണ് ശ്രമം. ഭക്ഷണം അടക്കമുള്ള കാര്യങ്ങളിൽ എംബസി ഇടപെടും. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. മത്സ്യത്തൊഴിലാളികളിൽ ഒരാളുമായി ഫോണിൽ സംസാരിച്ചു. അവരോട് കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.