ഉഴമലയ്ക്കൽ: ഉഴമലയ്ക്കൽ ലക്ഷ്‌മിമംഗലം ദേവീക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തോടുബന്ധിച്ച് സാംസ്ക്കാരിക സമ്മേളനവും ഉഴമലയ്ക്കലമ്മ പുരസ്ക്കാര വിതരണവും മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഷൈജു പരുത്തിക്കുഴി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വച്ച് ഈ വർഷത്തെ ഉഴമലയ്‌ക്കലമ്മ പുരസ്‌കാരത്തിന് അർഹനായ കാൻസർ രോഗവിദഗ്ദ്ധൻ ഡോ.വി.പി. ഗംഗാധരന് മന്ത്രി അവാർഡ് സമ്മാനിച്ചു. കെ.എസ്. ശബരീനാഥൻ എം.എൽ.എ പ്രതിഭകളെ ആദരിച്ചു. അടൂർ പ്രകാശ് എം.പി മംഗല്യ സഹായ നിധി വിതരണം ചെയ്തു. ഒ. രാജഗോപാൽ എം.എൽ.എ ക്ഷേമപെൻഷൻ വിതരണവും, മംഗല്യ സഹായ നിധി നറുക്കെടുപ്പ് പ്രഫ.നബീസാ ഉമ്മാളും നിർവഹിച്ചു. അന്നപൂർണ്ണാ പദ്ധതി വിതരണം ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. റഹിമും, ചികിത്സാ സഹായ വിതരണം ആര്യനാട് യണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രനും, വിദ്യാഭ്യാസ ധനസഹായ വിതരണം യൂണിയൻ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രനും വസ്ത്രദാനം എൻ. ഷൗക്കത്തലിയും നിർവ്വഹിച്ചു. സ്‌കൂൾ മാനേജർ ഉഴമലയ്ക്കൽ വേണുഗോപാൽ, എൻ. ബാബു (കോൺഗ്രസ്), കെ. ജയകുമാർ (ഗ്രാമ പഞ്ചായത്തംഗം), ശാഖാ സെക്രട്ടറി സി. വിദ്യാധരൻ, ഉത്സവക്കമ്മിറ്റി പ്രസിഡന്റ് ചക്രപാണിപുരം സുബേഷ്, ഉത്സവക്കമ്മിറ്റി വൈസ് പ്രസിഡന്റ് എസ്.വി. രതീഷ്, സെക്രട്ടറി ടി. മോഹനൻ,വനിതാ സംഘം പ്രസിഡന്റ് വസന്തകുമാരി എന്നിവർ സംസാരിച്ചു. 25,000 രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് ഉഴമലയ്ക്കലമ്മ പുരസ്ക്കാരം.