തിരുവനന്തപുരം: പാടത്ത് വിയർപ്പൊഴുക്കി കൃഷി ചെയ്തെടുത്ത നെല്ല് സർക്കാരിനെ വിശ്വസിച്ച് സപ്ളൈകോയ്ക്ക് കൈമാറിയ കർഷകരെല്ലാം കടക്കെണിയിലായി. ആറു മാസം മുമ്പാണ് കർഷകർ സപ്ളൈകോയ്ക്ക് നെല്ല് നൽകിയത്.
നെല്ലിന്റെ വില വായ്പയായി ബാങ്കിൽ നിന്ന് കൈപ്പറ്റൂ. ബാങ്കിന് പണം സർക്കാർ നൽകും എന്നായിരുന്നു കർഷകർക്ക് കൊടുത്ത ഉറപ്പ്.
സപ്ളൈകോയ്ക്ക് നെല്ല് നൽകിയ കർഷകർക്ക് പണം ബാങ്കിൽ നിന്നു ലഭിച്ചു. സർക്കാരിൽ നിന്ന് പണം വാങ്ങി സപ്ലൈകോയാണ് ബാങ്കിൽ അടയ്ക്കേണ്ടത്. സർക്കാർ പണം നൽകിയില്ല. സപ്ളൈകോ അടച്ചതുമില്ല. 450 കോടി രൂപയാണ് നെല്ല് സംഭരിച്ച വകയിൽ സർക്കാർ സപ്ലൈകോയ്ക്ക് നൽകാനുള്ളത്.
ബാങ്കുകളാകട്ടെ, പണം വാങ്ങിക്കൊണ്ടുപോയ കർഷകരുടെ നേരെ തിരിഞ്ഞു.
കർഷകരുടെ സേവിംഗ് അക്കൗണ്ട് വഴിയാണ് ബാങ്ക് നെല്ലിനുള്ള പണം കൊടുത്തത്. തിരിച്ചടവ് ആറു മാസം വൈകിയതോടെ ചില ബാങ്കുകൾ കർഷകരുടെ അക്കൗണ്ടിലെ പണം പിടിച്ചു തുടങ്ങി. പലർക്കും ജപ്തി നോട്ടിസ് ലഭിച്ചു.
കൊട്ടരക്കര കരീപ്രയിലെ കർഷകൻ ഭവനവായ്പയ്ക്ക് നിക്ഷേപിച്ച 12,800 രൂപയാണു ബാങ്ക് പിടിച്ചെടുത്തത്. ആലപ്പുഴയിലും തൃശൂരിലും തിരുവനന്തപുരത്തുമെല്ലാം ഇത്തരത്തിൽ കർഷകർക്ക് പണം നഷ്ടപ്പെട്ടു.
ഇടപാട് ഇങ്ങനെ
കർഷകർ നെല്ല് കൈമാറിക്കഴിഞ്ഞാൽ സപ്ലൈകോ നെല്ലിന്റെ തൂക്കവും വിലയും അടങ്ങിയ പി.ആർ.എസ് ( പാടി റസീപ്‌റ്റ് സ്റ്റേറ്റ്‌മെന്റ്) നൽകും. ഇതുമായി കർഷകർക്ക് ദേശസാൽകൃത ബാങ്കുകളെ സമീപിച്ച് തത്തുല്യമായ തുക വായ്പ എടുക്കാം. തുക മൂന്നു മാസത്തിനകം സർക്കാർ ബാങ്കുകൾക്ക് നൽകുമെന്നാണ് വ്യവസ്ഥ.
പദ്ധതി പ്രഖ്യാപിച്ചതോടെ കർഷകർ തരിശുനിലങ്ങൾ പാട്ടത്തിന് ഏറ്റെടുത്തും കൃഷി ചെയ്തു. ഇതെ തുടർന്നു നെൽക്കൃഷി സംസ്ഥാനത്ത് 25% വർധിച്ചതായാണ് കണക്ക്.
450 കോടി
450 കോടി രൂപയാണ് നെല്ല് സംഭരിച്ച വകയിൽ സർക്കാർ സപ്ലൈകോയ്ക്ക് നൽകാനുള്ളത്.