arif-mohammad-khan

തിരുവനന്തപുരം :സംസ്ഥാനത്തെ വിദ്യാഭ്യാസരംഗം രാജ്യത്തിന് മാതൃകയാണെന്നും ശ്രീനാരായണ ഗുരുദേവനെയും ചാവറയച്ചനെയും പോലുള്ള മഹാൻമാരാണ് കേരളീയർക്ക് അറിവിലേക്കുള്ള വഴികാട്ടിയതെന്നും

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. പി.എൻ. പണിക്കരുടെ 111ാം ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ പഠിക്കാനും പകർത്താനും ഉത്തർപ്രദേശ് മന്ത്രിമാരുടെ സംഘം ഉടനെത്തും. സാക്ഷരതാ പ്രസ്ഥാനം, ഗ്രന്ഥശാലാ പ്രസ്ഥാനം എന്നിവയും പി.എൻ. പണിക്കർ ഫൗണ്ടേഷൻ ഉൾപ്പെടെയുള്ളവയുടെ പ്രവർത്തനങ്ങളും സംഘം പഠിക്കും.

സാമൂഹ്യ പരിഷ്‌കർത്താക്കൾ കേരളീയരെ പഠിക്കാൻ പഠിപ്പിച്ചു. ഇത്തരത്തിലുള്ളവർ തന്റെ നാടായ ഉത്തർപ്രദേശിൽ ഉണ്ടായിരുന്നില്ല. കാലാകാലങ്ങളായി ഉത്തർപ്രദേശിലെ മിഷണറി വിദ്യാലയങ്ങൾ പോലും സമ്പന്നർക്ക് മാത്രമായിരുന്നു. കേരളം സമ്പൂർണ സാക്ഷരത നേടുന്നതിൽ ഗ്രന്ഥശാല, സാക്ഷരത പ്രസ്ഥാനങ്ങൾ വലിയ പങ്ക് വഹിച്ചു. ഗ്രന്ഥശാല പ്രസ്ഥാനത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ചയാളാണ് പി.എൻ. പണിക്കരെന്നും അദ്ദേഹം അനുസ്മരിച്ചു. പന്ന്യൻ രവീന്ദ്രൻ അദ്ധ്യക്ഷനായി. ഒ.രാജഗോപാൽ എം.എൽ.എ, മുൻ വിദ്യാഭ്യാസ മന്ത്രി എം.എ ബേബി, കെ.ടി.ഡി.സി ചെയർമാൻ എം.വിജയകുമാർ, നവകേരളം മിഷൻ ചെയർമാൻ ചെറിയാൻ ഫിലിപ്പ് എന്നിവർ സംസാരിച്ചു. ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ.ബാലഗോപാൽ ആമുഖപ്രഭാഷണം നടത്തി.
വിവിധരംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഡോ.സി ജോൺ പണിക്കർ, പി.ജി.കെ.നായർ, ഡോ.കമലാസനൻപിള്ള, എം.സംഗീത്കുമാർ എന്നിവർക്ക് ഗവർണർ പി.എൻ.പണിക്കർ അവാർഡ് നൽകി ആദരിച്ചു. ജോൺസൺ റോച്ചിന്റെ 'സാമ്രാജ്യത്വ ഇടപെടൽ സംസ്‌കാരത്തിൽ' എന്ന പുസ്തകവും പ്രകാശനം ചെയ്തു.