തിരുവനന്തപുരം: കേരളസർവകലാശാല യുവജനോത്സവത്തിന് ഇന്ന് തുടക്കമാകും. അതിജീവനത്തിന്റെ പ്രതിരോധം കലയിലൂടെ എന്ന സന്ദേശവുമായി സംഘടിപ്പിച്ചിരിക്കുന്ന 'പലായന'ത്തിന് വൈകിട്ട് അഞ്ചിന് കാര്യവട്ടം ഗവൺമെന്റ് കോളേജിൽ മന്ത്രി ഡോ.കെ.ടി.ജലീൽ തിരിതെളിക്കുമെന്ന് സംഘാടക സമിതി ചെയർമാൻ മേയർ കെ.ശ്രീകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്നു മുതൽ ഏഴുവരെ ഒമ്പത് വേദികളിലായി 250കോളേജുകളിൽ നിന്നുള്ള അയ്യായിരത്തിലധികം വിദ്യാർത്ഥികൾ 102വിഭാഗങ്ങളിലായി മാറ്റുരയ്ക്കും. കാര്യവട്ടം ഗവൺമെന്റ്‌കോളേജ്, എസ്.എൻ.കോളേജ് ചെമ്പഴന്തി ആഡിറ്റോറിയം, എസ്.എൻകോളജ്‌ഫോർ അഡ്വാൻസ് സ്റ്റഡീസ്, യൂണിവേഴ്സിറ്റി ബി.എഡ് കോളേജ് എന്നിവിടങ്ങളിലാണ് വേദികൾ. ഭരണഘടനയുടെ ആർട്ടിക്കിൾ 14, പൗരത്വഭേദഗതി നിയമത്തിനെതിരായ സമരകേന്ദ്രം ഷഹീൻബാഗ്, അഭയാർത്ഥികളുടെ പ്രതീകമായി റോഹിങ്ക്യൻ, ഐലൻ കുർദി, രക്തസാക്ഷികളായ ഗൗരി ലങ്കേഷ്, അഭിമന്യു, അജയ്, ഫാത്തിമ ലത്തീഫ് എന്നീപേരുകളാണ് കലോത്സവവേദികൾക്ക് നൽകിയിരിക്കുന്നത്. ഇക്കുറി ട്രാൻസ്ജൻഡറുകൾ കൂടി പങ്കെടുക്കുന്ന കേരളത്തിലെ ആദ്യത്തെ സർവകലാശാല യുവജനോത്സവമായി പലായനം മാറും. സർവകലാശാലക്ക് കീഴിൽ എട്ട് ട്രാൻസ്ജൻഡേഴ്സ് വിദ്യാർത്ഥികളാണുള്ളത് ഇവർക്ക് സ്‌പോട്ട് രജിസ്‌ട്രേഷൻ ലഭ്യമാണ്. സംഘാടക സമിതി ജനറൽ കൺവീനർ റിയാസ് വഹാബ്, സർവകലാശാല യൂണിയൻ ചെയർമാൻ എ.ആർ.റിയാസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.