ravi-pujari-

തിരുവനന്തപുരം : നടി ലീന മരിയ പോളിനെതിരെ ക്വട്ടേഷൻ കൊടുത്തിരുന്നതായി അധോലോക ഗുണ്ടാതലവൻ രവിപൂജാരി സമ്മതിച്ചു.

കൊച്ചിയിലെ ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസിൽ പ്രതിയായ രവി പൂജാരിയെ കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരിയുടെ നേതൃത്വത്തിലുള്ള സംഘം ബംഗളുരുവിലെത്തി ചോദ്യം ചെയ്തപ്പോഴാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.

ഇന്ത്യയിൽ കൊലക്കേസ് ഉൾപ്പെടെ 200ലേറെ കേസുകളിൽ പ്രതിയായ പൂജാരി കഴിഞ്ഞ കാഴ്‌ച ദക്ഷിണാഫ്രിക്കയിലാണ് അറസ്റ്റിലായത്.

പണം ആവശ്യപ്പെട്ടാണ് ലീനയെ ഭീഷണിപ്പെടുത്തിയിരുന്നത്. വഴങ്ങാത്ത ഘട്ടത്തിലാണ് ക്വട്ടേഷൻ നൽകിയതെന്ന് പൂജാരി വെളിപ്പെടുത്തിയതായാണ് വിവരം.

ബംഗളുരുവിൽ റിമാൻഡിൽ കഴിയുന്ന പൂജാരിയെ കസ്റ്റഡിയിൽ വാങ്ങി കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.

കേസിൽ നിരവധി പേരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതിൽ നിന്നാണ് രവി പൂജാരിയുടെ ക്വട്ടേഷനാണെന്ന സൂചന ലഭിച്ചത്.

2018 ഡിസംബർ 15നായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ട് പേർ എയർ പിസ്റ്റൾ ഉപയോഗിച്ച് ബ്യൂട്ടിപാർലറിന് നേരെ വെടിയുതിർത്ത ശേഷം കടന്നുകളയുകയായിരുന്നു. വെടിവയ്പ്പിന് ഒരുമാസം മുമ്പ് നടി ലീനയെ ഫോണിൽ വിളിച്ച രവി പൂജാരി 25 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. പണം നൽകാത്തതാണ് വെടിവയ്പ്പിന് പിന്നിലെന്ന നിഗമനത്തിലായിരുന്നു അന്വേഷണ സംഘവും. നടി ലീന മരിയ പോളും നിരവധി കേസുകളിൽ പ്രതിയാണ്. ഹൈദരബാദിൽ സി.ബി.ഐ അന്വേഷിക്കുന്ന തട്ടിപ്പ് കേസിലെ പ്രതിയായ ലീന ഇപ്പോൾ ഒളിവിലാണ്.