തിരുവനന്തപുരം: പി.എസ്.സി പരീക്ഷകൾ മലയാളത്തിലാക്കണമെന്നാവശ്യപ്പെട്ട് ഭാഷാസ്നേഹികൾ സത്യാഗ്രഹം ഇരുന്നിട്ടും മുഖ്യമന്ത്രി വരെ വിചാരിച്ചിട്ടും പി.എസ്.സി ചെയർമാന്റെ തീരുമാനം മാറിയില്ലെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. മലയാളത്തെ അറിയുന്ന ആരെയെങ്കിലും ആ സ്ഥാനത്ത് നിയോഗിക്കണമെന്ന പ്രാർത്ഥനയാണ് ഇപ്പോഴുള്ളത്. ഡോ. ടി.ആർ. ജയകുമാരിയും ആർ. വിനോദ് കുമാറും ചേർന്ന് എഴുതിയ 'മലയാളത്തിന്റെ പെരുന്തച്ചൻ' എന്ന എഴുമറ്രൂർ രാജരാജവർമയുടെ ജീവചരിത്രഗ്രന്ഥത്തിന്റെ പ്രകാശനം പ്രൊഫ. എൻ. കൃഷ്ണപിള്ള ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ഉദ്ഘാടനം ചെയ്തു. നഴ്സറി സ്കൂളുകളിൽ വരെ ഇംഗ്ലീഷ് ഉപയോഗിക്കാൻ കുട്ടികളെ നിർബന്ധിക്കുകയാണ്. നിലവാരമില്ലാത്ത ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ മലയാളത്തെ മാത്രമല്ല ഇംഗ്ലീഷിനെ കൂടിയാണ് നശിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പുസ്തകം ഏറ്റുവാങ്ങി. സഹ്യാദ്രി നാച്ചുറൽ ഹിസ്റ്ററിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ ഡോ. ടി.ആർ. ജയകുമാരി അദ്ധ്യക്ഷയായി. ഡോ.സി. ഉദയകല പുസ്താകവലോകനം നടത്തി. പിന്നണി ഗായകൻ ജി. ശ്രീറാം, ബി. സനിൽകുമാർ, ഡോ.എഴുമറ്റൂർ രാജരാജവർമ തുടങ്ങിയവർ സംസാരിച്ചു. സഹ്യാദ്രി വൈസ് പ്രസിഡന്റ് കെ. സ്വാമിനാഥൻ സ്വാഗതവും ട്രഷറർ ജി. പത്മാകരൻപിള്ള നന്ദിയും പറഞ്ഞു.