തിരുവനന്തപുരം: ഭക്തരുടെ മനമുരുകിയ പ്രാർത്ഥനകളും മന്ത്രോച്ചാരണങ്ങളും സാക്ഷിയാക്കി ദേവിയുടെ ഉടവാളിലും ക്ഷേത്രമേൽ ശാന്തി പി.ഈശ്വരൻ നമ്പൂതിരിയുടെ കൈയ്യിലും കാപ്പുകെട്ടിയതോടെ പത്ത് നാളത്തെ പെങ്കാല മഹോത്സവത്തിന് ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ തുടക്കമായി. ഉത്സവത്തിന്റെ ആദ്യ തന്നെ ദേവിയെ ദർശിക്കിക്കാനെത്തിയ ഭക്തരാൽ ക്ഷേത്രാങ്കണവും പരിസരവും നിറഞ്ഞുകവിഞ്ഞു. സർവാഭരണ വിഭൂഷിതയായ ദേവിക്കു മുന്നിൽ അഞ്ജലീബദ്ധരായി സ്ത്രീ ,പുരുഷ ഭേദമന്യേ ഭക്തർ ആരതി വണങ്ങി.
കുംഭത്തിലെ കാർത്തിക നക്ഷത്രമായ ഇന്നലെ രാവിലെ 9.30നായിരുന്നു കാപ്പുകെട്ടി കുടിയിരുത്തൽ ചടങ്ങ് നടന്നത്. ഇതോടൊപ്പം പുറത്തെ പച്ചപ്പന്തലിൽ തോറ്റംപാട്ടുകാർ പാട്ടുതുടങ്ങി. ആദ്യദിവസം ദേവിയെ പാടി കുടിയിരുത്തി കഥ തുടങ്ങുന്നതാണ് ചടങ്ങ്. കണ്ണകിയുടെ വിവാഹവർണനയാണ് രണ്ടാംദിവസമായ ഇന്ന് പാടുന്നത്.
പഞ്ചലോഹത്തിൽ നിർമ്മിച്ച രണ്ടു കാപ്പുകളാണ് കെട്ടിയത്. ക്ഷേത്രം തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് കാപ്പുകളിലൊന്ന് ഭഗവതിയുടെ ഉടവാളിലും മറ്റൊന്ന് മേൽശാന്തി പി.ഈശ്വരൻനമ്പൂതിരിയുടെ കൈയ്യിലും കെട്ടി. വ്രതശുദ്ധിയോടെ തയ്യാറാക്കുന്ന കാപ്പും കെട്ടാനുള്ള പുറുത്തിനാരും ഒന്നാം പാട്ടുകാരായ നെടിയവിളാകം കുടുംബക്കാർ ക്ഷേത്രത്തിലെത്തിച്ചിരുന്നു. പുണ്യാഹം തളിച്ച് ശുദ്ധി വരുത്തിയ ശേഷമാണ് തന്ത്രി കാപ്പണിയിച്ചത്. ഉത്സവം കഴിയുന്നതു വരെ മേൽശാന്തി പുറപ്പെടാ ശാന്തിയായി ക്ഷേത്രത്തിൽ തുടരും. പൊങ്കാല കഴിഞ്ഞുള്ള പുറത്തെഴുന്നെള്ളത്തിനും മേൽശാന്തി അനുഗമിക്കും. പിറ്റേന്ന് എഴുന്നെള്ളത്ത് ക്ഷേത്രത്തിലെത്തി കാപ്പഴിക്കുന്നതോടെ ഉത്സവം അവസാനിക്കും.
ഉത്സവത്തിന് ദിവസങ്ങൾക്ക് മുൻപു തന്നെ ആറ്റുകാലിലേക്ക് ഭക്തജനപ്രവാഹം തുടങ്ങിയിരുന്നു. വിവിധ കരകളിൽ നിന്നും ക്ഷേത്രത്തിലേക്ക് അലങ്കരിച്ച വിളക്കുകെട്ടുകളും പുറപ്പെട്ടു.കുത്തിയോട്ട വ്രതം ചൊവ്വാഴ്ച ആരംഭിക്കും. ഒൻപതിനാണ് പൊങ്കാല. അന്നു വൈകിട്ട് കുത്തിയോട്ടത്തിന് ചൂരൽകുത്ത്. രാത്രി പുറത്തെഴുന്നെള്ളത്ത്. മണക്കാട് ശാസ്താക്ഷേത്രത്തിൽ നിന്ന് പിന്നേറ്റ് പകൽ മടക്കിയെഴുന്നെള്ളത്ത്. 10ന് അർദ്ധരാത്രി കുരുതി തർപ്പണത്തോടെ ഇക്കൊല്ലത്തെ പൊങ്കാല മഹോത്സവം സമാപിക്കും.