വർക്കല: ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ കാപ്പിൽ പ്രദേശത്ത് തീരദേശ പൊലീസ് സ്റ്റേഷൻ വേണമെന്ന ആവശ്യം ശക്തമാകുന്നു. രണ്ട് ജില്ലകളുടെ അതിർത്തി പങ്കിടുന്ന കാപ്പിൽ തീരത്ത് വിനോദസഞ്ചാരികളുടെ എണ്ണം ഓരോവർഷം കഴിയുന്തോറും വർദ്ധിച്ചു വരികയാണെങ്കിലും ഇവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സർക്കാരിന്റെ ഭാഗത്തു നിന്നും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. സീസണല്ലാത്ത സമയങ്ങളിലും തദ്ദേശീയരായ സഞ്ചാരികളുൾപ്പെടെ കുടുംബസമേതം ഇവിടെയെത്തുന്നുണ്ട്. എന്നാൽ ഇവിടം കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധരുടെയും മദ്യപാനികളുടെയും ശല്യം വർദ്ധിച്ചു വരികയാണ്. കുടുംബസമേതം തീരത്തെത്തുന്നവരെ പട്ടാപ്പകൽ പോലും ഭീഷണിപ്പെടുത്തുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്ന സംഘങ്ങളും ഇവിടെ വിലസുകയാണ്. പൊലീസിന്റെ സാന്നിദ്ധ്യം ഇല്ലാത്തതാണ് പ്രധാന കാരണം. അയിരൂർ പൊലീസിന്റെ പട്രോളിംഗും കാര്യക്ഷമമല്ലെന്നാണ് പരാതി. പ്രഭാത സവാരിക്ക് കുടുംബസമേതം ഇറങ്ങുന്നവരെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത സംഭവം ഇവിടെ നടന്നിട്ടുണ്ട്. പൊലീസ് എയ്ഡ് പോസ്റ്റ് വേണമെന്ന കാപ്പിൽ നിവാസികളുടെ ആവശ്യത്തിന് ഇതുവരെയും പരിഹാരം കാണാൻ അധികൃതർക്കായിട്ടില്ല. കായൽ ടൂറിസത്തിനും വലിയ സാദ്ധ്യതയുളള കാപ്പിലിൽ ഡി.ടി.പി.സിയുടെ പ്രിയദർശിനി ബോട്ട് ക്ലബ് നവീകരിച്ച് കാര്യക്ഷമമാക്കിയതോടെ ബോട്ടിംഗിനായി സ്ത്രീകളടക്കം നിരവധി പേരാണ് എത്തുന്നത്. എന്നിട്ടും സുരക്ഷാ സംവിധാനങ്ങൾ ഏർപെടുത്തുന്നതിൽ ടൂറിസം വകുപ്പും ആഭ്യന്തര വകുപ്പും ഗുരുതരമായ വീഴ്ചയാണ് വരുത്തുന്നത്. ഇടവ ഗ്രാമപഞ്ചായത്തിന്റെയും പരവൂർ നഗരസഭയുടെയും ഇടപെടലുകളും ഇക്കാര്യത്തിൽ ഉണ്ടാകേണ്ടതുണ്ട്. അപകടമുണ്ടായാൽ പുന്നമൂട്, ജനതാമുക്ക്, ഇടവ റെയിൽവേ ഗേറ്റുകൾ കടന്ന് വേണം അയിരൂർ പൊലീസിന് കാപ്പിലിൽ എത്താൻ. തീരദേശ പൊലീസ് സ്റ്റേഷൻ ആരംഭിക്കുന്നതിനുളള നടപടികൾ അടിയന്തരമായി അധികൃതർ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അതിർത്തി തർക്കം
തിരുവനന്തപുരം ജില്ലയുടെ വടക്കേ അറ്റത്ത് കൊല്ലം ജില്ലയോട് ചേർന്നു കിടക്കുന്ന പ്രദേശമാണ് കാപ്പിൽ. അയിരൂർ പൊലീസിന്റെ അധികാര പരിധിയിലാണ് കാപ്പിൽ മേഖല. കാപ്പിൽ പാലത്തിന്റെ തൊട്ടപ്പുറത്ത് പരവൂർ പൊലീസിന്റെ അധികാര പരിധിയുമാണ്. അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമ്പോൾ ഇരുകൂട്ടരും അതിർത്തിയുടെ പേരു പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് പതിവ്.
ലൈഫ്ഗാർഡുകളില്ല
പലപ്പോഴും അപകടങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും കാപ്പിൽ തീരത്ത് ലൈഫ്ഗാർഡുകളുടെ സാന്നിദ്ധ്യമില്ല. അടിയന്തര ഘട്ടങ്ങളിൽ വർക്കല പാപനാശത്തുളള ലൈഫ്ഗാർഡുകളുടെ സേവനമാണ് ലഭ്യമാക്കുന്നത്. അഞ്ച് പേരെങ്കിലുമടങ്ങുന്ന ലൈഫ്ഗാർഡ് ടീമിനെ നിയോഗിക്കണമെന്ന വിവിധ സംഘടനകളുടെ ആവശ്യവും പരിഗണിക്കപ്പെടുന്നില്ല. പൊലീസ് സ്റ്റേഷനും ലൈഫ്ഗാർഡുകൾക്ക് വേണ്ട കെട്ടിടവും നിർമ്മിക്കുന്നതിന് ആവശ്യമായ സ്ഥലവും ഇവിടെ ലഭ്യമാണ്.
പാപനാശം തീരത്തു നിന്ന് 6 കി.മീറ്റർ
പ്രധാന പ്രശ്നങ്ങൾ
----------------------------------------
സഞ്ചാരികൾക്ക് മതിയായ സുരക്ഷയില്ല
സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമാണ്
തീരദേശ പൊലീസ് സ്റ്റേഷന്റെ അഭാവം
കാപ്പിൽ പ്രദേശത്ത് പൊലീസിന്റെയും ലൈഫ്ഗാർഡുകളുടെയും സാന്നിദ്ധ്യം ഉറപ്പാക്കുന്നതിനുളള നടപടികൾ ഉണ്ടാകും. ബന്ധപ്പെട്ട വകുപ്പുകളുമായി ചർച്ച ചെയ്ത് പരിഹാരം കാണും.
അഡ്വ. വി. ജോയി എം.എൽ.എ