തിരുവനന്തപുരം: എം. സുകുമാരൻ സ്‌മാരക സാഹിത്യ (ചെറുകഥ), പൊതുപ്രവർത്തന പുരസ്‌കാരങ്ങളുടെ വിതരണവും നാളെ നടക്കും. വൈകിട്ട് അഞ്ചിന് അയ്യങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരദാനവും എം. സുകുമാരൻ ഫൗണ്ടേഷന്റെ ഉദ്ഘാടനവും നിർവഹിക്കും. ഫൗണ്ടേഷൻ പ്രസിഡന്റ് ബേബി ജോൺ അദ്ധ്യക്ഷത വഹിക്കും. സാഹിത്യ പുരസ്‌കാരം ഇ.കെ. ഷീബയും പൊതുപ്രവർത്തന പുരസ്‌കാരം സി.ഐ.ടി.യു നേതാവ് കെ.എൻ. രവീന്ദ്രനാഥും ഏറ്റുവാങ്ങും. എം. സുകുമാരൻ രചിച്ച അഴിമുഖം എന്ന നോവലിന്റെ ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിക്കുന്ന പുതിയ പതിപ്പിന്റെ പ്രകാശനവും ചടങ്ങിൽ നടക്കും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പുസ്തകം ഏറ്റുവാങ്ങും. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി സി. അശോകൻ അനുസ്‌മരണ പ്രസംഗം നടത്തും. കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി.എൻ.കരുൺ, സാഹിത്യ നിരൂപകൻ ഡോ.പി.കെ. രാജശേഖരൻ എന്നിവർ സംസാരിക്കും.