നെടുമങ്ങാട്: വലിയമല എൽ.പി.എസ്.സി വികസനത്തിനായി സ്ഥലവും വീടുകളും വിട്ടുകൊടുക്കാൻ സന്നദ്ധത അറിയിച്ചവർക്ക് സർക്കാർ വക 'എട്ടിന്റെ പണി" ! രണ്ടു വർഷമായി ചങ്ങല വലിയും പേപ്പർ വർക്കുമായി ഉദ്യോഗസ്ഥർ രംഗത്തുണ്ടെങ്കിലും നഷ്ടപരിഹാരം ലഭ്യമാക്കുന്നതിൽ അധികൃതർ രണ്ടു തട്ടിലാണ്. റവന്യു - എൽ.പി.എസ്.സി ഉദ്യോഗസ്ഥർ പരസ്പരം പഴി ചാരുന്നതല്ലാതെ സ്ഥലം ഏറ്റെടുക്കൽ നടപടികൾ എപ്പോൾ പൂർത്തിയാവുമെന്ന് വെളിപ്പെടുത്താൻ തയ്യാറല്ല. കരുപ്പൂര് വില്ലേജിലെ മല്ലമ്പറക്കോണം, നെല്ലിക്കുഴി പ്രദേശങ്ങളിലെ അമ്പതോളം കുടുംബങ്ങൾ തെരുവിലുറങ്ങേണ്ട അവസ്ഥയാണ്. ആറ് മാസത്തിനകം നഷ്ടപരിഹാരത്തുക വിതരണം ചെയ്യുമെന്ന ഉറപ്പിന്മേൽ നിരവധി കുടുംബങ്ങൾ ഇവിടെനിന്നു ഒഴിഞ്ഞു പോയി. ശേഷിക്കുന്ന കുടുംബങ്ങൾക്ക് തകർച്ചയുടെ വക്കിലായ വീടുകൾ അറ്റകുറ്റപ്പണി നടത്താനോ, പുരയിടങ്ങളിൽ കൃഷി ഇറക്കാനോ കഴിയുന്നില്ല. മക്കളുടെ വിവാഹാവശ്യങ്ങൾക്ക് ഉൾപ്പെടെ വായ്പ എടുക്കാനും വസ്തു വിൽക്കാനും സാദ്ധ്യമല്ല. ആകെ 68 ഏക്കറാണ് എൽ.പി.എസ്.സിക്കായി ഏറ്റെടുത്തിരിക്കുന്നത്. നടപടികൾ വേഗത്തിലാക്കി നഷ്ടപരിഹാര തുക വിതരണം ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് വലിയമലയിൽ ബഹുജന കൂട്ടയ്മ ചേർന്നിരുന്നു. കാലദൈർഘ്യം നേരിട്ടതിനാൽ സ്ഥലം ഏറ്റെടുക്കൽ നോട്ടിഫിക്കേഷൻ റദ്ദാക്കി, നിലവിലെ നഷ്ടപരിഹാരം കൂടി ഉറപ്പാക്കണമെന്നാണ് ഉടമകളുടെ ആവശ്യം. ഇക്കാര്യമുന്നയിച്ച് കളക്ടറേറ്റിന് മുന്നിൽ റിലേ സത്യാഗ്രഹത്തിനും മരണംവരെ നിരാഹാരത്തിനും തയാറെടുക്കുകയാണ് സ്ഥലവാസികൾ.

കാർഷികവിളകൾ ഏറ്റെടുത്തതായി നോട്ടീസ് നല്കിയതിന് ശേഷം ഒന്നര വർഷത്തിലേറെയായി ഉദ്യോഗസ്ഥർ മുങ്ങി നടക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. വാടക വീടുകളിൽ അഭയം തേടിയ നിർദ്ധന കുടുംബങ്ങൾക്ക് ഭൂമി ഇല്ലാത്തതിന്റെ പേരിൽ നഗരസഭ അടക്കം സർക്കാരിന്റെ ആനുകൂല്യങ്ങളെല്ലാം തടഞ്ഞിരിക്കയാണ്. തലമുറകൾ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിൽ നിന്ന് ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് പെടുന്നനെയാണ് ഉടമകൾക്ക് നോട്ടീസ് വന്നത്. കേന്ദ്ര വാല്യുവേഷൻ അനുസരിച്ച് വസ്തുവിന് വില നിശ്ചയിച്ച്, ഗസറ്റ് നോട്ടിഫിക്കേഷനിലൂടെ ഭൂമി ഏറ്റെടുത്തതായി പ്രഖ്യാപനവും നടത്തി. താലൂക്ക് സർവേയറുടെ നേതൃത്വത്തിൽ ഭൂമി അളന്നു തിട്ടപ്പെടുത്തലും നടന്നു. പാരിസ്ഥിതികാഘാത പഠനം നടത്തുന്നതിന്റെ തിരക്കിലാണ് ഇപ്പോൾ തങ്ങളെന്ന് അധികൃതർ പറയുന്നു. നഷ്ടപരിഹാരം വിതരണം ചെയ്യാനുള്ള പണം സർക്കാർ നല്കുന്നില്ലെന്നും വിശദീകരണമുണ്ട്.