pic

മണ്ടയ്ക്കാട് (തമിഴ്‌നാട്): ദക്ഷിണേന്ത്യയിലെ പ്രസിദ്ധമായ മണ്ടയ്ക്കാട് ഭഗവതി ക്ഷേത്രത്തിൽ കൊട ഉത്സവത്തിന് ഇന്നലെ കൊടിയേറി. രാവിലെ എട്ടോടെ ക്ഷേത്ര തന്ത്രി എടക്കോട് എസ്. മഹാദേവ അയ്യരുടേയും ക്ഷേത്രം മേൽശാന്തി ചട്ടനാദ ഗുരുക്കളുടേയും കാർമ്മികത്വത്തിലായിരുന്നു ചടങ്ങ്. 10നാണ് കൊട.

തെലങ്കാന ഗവർണർ തമിഴ് ഇസൈ സൗന്ദരരാജൻ, തമിഴ്‌നാട് സർക്കാരിന്റെ ഡൽഹി പ്രതിനിധി ദളവായ് സുന്ദരം, എ വിജയകുമാർ എം.പി, ജില്ലാ കളക്ടർ പ്രശാന്ത് വദനെരെ, ജില്ലാ പൊലീസ് സൂപ്രണ്ട് ഡോ.എൻ.ശ്രീനാഥ്, കന്യാകുമാരി ദേവസ്വം ബോർഡ് ചെയർമാൻ ശിവ കുറ്റാലം, ജെ.ജി പ്രിൻസ് എം.എൽ.എ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു മാത്രമല്ല, തെക്കൻ കേരളത്തിൽ നിന്നും ധാരാളം ഭക്തർ മണ്ടയ്ക്കാട് ക്ഷേത്രത്തിലെത്താറുണ്ട്. കേരളീയ താന്ത്രികവിധി പ്രകാരമാണ് ക്ഷേത്രത്തിൽ പൂജയും ഉത്സവ ചടങ്ങുകളും നടക്കുന്നത്. 6ന് വലിയപടുക്ക (മഹാപൂജ). 9ന് വലിയചക്ര തീവെട്ടി അലങ്കാര എഴുന്നള്ളിപ്പ്.10 ന് രാത്രി 12ന് ഒടുക്കു പൂജയോടെ ഉത്സവം സമാപിക്കും. ഉത്സവദിവസങ്ങളിൽ പതിനായിരക്കണക്കിന് ഭക്തരാണ് പൊങ്കാല ഇടാനെത്തുന്നത്. ഉത്സവത്തോടനുബന്ധിച്ച് ഹൈന്ദവ സേവാസംഘം സംഘടിപ്പിക്കുന്ന 83ാമത് ഹിന്ദു മഹാസമ്മേളനത്തിനും ഇന്നലെ തുടക്കമായി. വെള്ളിമല വിവേകാനന്ദാശ്രമം മഠാധിപതി സ്വാമി ചൈതന്യാനന്ദ മഹാരാജ് ഉദ്ഘാടനം ചെയ്തു. തെലങ്കാന ഗവർണർ തമിഴ് ഇസൈ സൗന്ദരരാജൻ നിലവിളക്ക് തെളിയിച്ചു. വി.എസ് ശിവകുമാർ എം.എൽ.എ സംസാരിച്ചു

 സുരക്ഷാ ക്രമീകരണം

തമിഴ്‌നാട് പൊലീസ് 2500 പേരുടെ പ്രത്യേക സേനയേയും മറൈൻ പൊലീസിനെയും സുരക്ഷക്ക് വിന്യസിച്ചു.

സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കടലോരത്തടക്കം 10 നിരീക്ഷണ ടവറുകളും സ്ഥാപിച്ചിട്ടുണ്ട്.

 ബസ് സർവീസുകൾ

തിരുവനന്തപുരത്തുനിന്ന് ഉത്സവം പ്രമാണിച്ച് മണ്ടയ്ക്കാട്ടേക്ക് തമിഴ്‌നാട്‌, കേരള ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾ പ്രതിദിനം 32 ബസ് സർവീസുകൾ നടത്തും.