തിരുവനന്തപുരം: ഫയർ ആൻഡ് റസ്‌ക്യൂ സർവീസിൽ ഫയർമാൻ, പൊലീസ് വകുപ്പിൽ സിവിൽ പൊലീസ് ഓഫീസർ തസ്തികയിലേക്കുള്ള പരീക്ഷകൾ പി.എസ്.സി. മലയാളത്തിൽ നടത്തും..
, പ്ലസ് ടു അടിസ്ഥാന യോഗ്യതയായി ഈ വർഷം നടത്തുന്ന മറ്റ് മുപ്പതോളം പരീക്ഷകൾക്കും ചോദ്യം മലയാളത്തിലായിരിക്കും. കഴിഞ്ഞ വർഷം അവസാനം നൂറിലേറെ തസ്തികകളിലേക്ക് പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഈ പരീക്ഷകളെല്ലാം 2020 ൽ നടത്തേണ്ടതുണ്ട്. ഇതിൽ 30 ശതമാനത്തോളം പരീക്ഷകൾ പ്ലസ്ടു അടിസ്ഥാന യോഗ്യതയിലുള്ളവയാണ്. .ചോദ്യപേപ്പർ മലയാളത്തിലാവുമ്പോഴും സിലബസിൽ മാറ്റം വരുത്തില്ല.
കഴിഞ്ഞ ഒക്ടോബറിൽ വിജ്ഞാപനം ചെയ്ത ഫയർമാൻ തസ്തികയിലേക്ക് ഏപ്രിലിലോ മേയിലോ പരീക്ഷ നടക്കുമെന്നാണ് വിവരം. ഡിസംബറിൽ വിജ്ഞാപനം വന്ന സിവിൽ പൊലീസ് ഓഫീസർ പരീക്ഷ ജൂണിലോ ജൂലായിലോ നടത്തും.പൊതുവിജ്ഞാനം, ആനുകാലിക സംഭവങ്ങൾ, കേരള നവോത്ഥാനം എന്നിവയിൽ നിന്ന് 60 ചോദ്യങ്ങളും ഗണിതം, മാനസിക ശേഷി പരിശോധന, ജനറൽ ഇംഗ്ലീഷ് എന്നീ വിഭാഗങ്ങളിൽ നിന്ന് 20 ചോദ്യങ്ങൾ വീതവും അടങ്ങുന്നതാണ് ഈ പരീക്ഷകളുടെ സിലബസ്.
കെ.എ.എസിന് ഉൾപ്പെടെ ചോദ്യങ്ങൾ ഇംഗ്ലീഷിൽ
അതേസമയം, കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെ.എ.എസ്) അടക്കമുള്ള പ്രധാന പരീക്ഷകൾക്കെല്ലാം ചോദ്യങ്ങൾ ഇംഗ്ലീഷിലാണ്.വിവിധ കമ്പനി, കോർപ്പറേഷൻ, ബോർഡ് ക്ലറിക്കൽ തസ്തികകളിലേക്കും, സെക്രട്ടേറിയറ്റ്, യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തസ്തികകളിലേക്കും ഡിഗ്രി യോഗ്യതയുള്ള പരീക്ഷകൾക്കെല്ലാം
ഇംഗ്ലീഷിലാണ് ചോദ്യപേപ്പർ.ഡിഗ്രി യോഗ്യതയുള്ള അറുപതിലേറെ തസ്തികകളിലേക്കാണ് ഈ വർഷം പരീക്ഷ നടക്കുന്നത്.
മലയാളത്തിൽ ചോദ്യങ്ങൾ തയ്യാറാക്കുന്നതു പഠിക്കാൻ പ്രൊഫ.വി.കാർത്തികേയൻ നായർ അദ്ധ്യക്ഷനായി സർക്കാർ നിയമിച്ച ഏഴംഗസമിതി അന്തിമ റിപ്പോർട്ട് സമർപ്പിച്ച ശേഷമാവും ഡിഗ്രി യോഗ്യതയുള്ള പരീക്ഷകളിൽ മലയാളത്തിൽ ചോദ്യാവലിയുടെ കാര്യത്തിൽ തീരുമാനമെടുക്കുക. ഇത് സർക്കാർ കൂടി ഉൾപ്പെട്ട വിഷയമാണെന്ന് പി.എസ്.സി അധികൃതർ പറഞ്ഞു..