vigilance

തിരുവനന്തപുരം : അനധികൃതമായി മണ്ണ് ഖനനം നടത്തുന്ന സ്ഥലങ്ങളിൽ നിന്ന് 11 ടിപ്പറും 11 ജെ.സി.ബിയും വിജിലൻസ് സംഘം പിടിച്ചെടുത്തു. കുന്നുകളും ഉയർന്ന പ്രദേശങ്ങളും വ്യാപകമായി ഇടിച്ചു നിരത്തി വയലുകളും ചതുപ്പുകളും നികത്തുന്നുവെന്ന പരാതിയെ തുടർന്ന് 'ഓപ്പറേഷൻ സേവ് എർത്ത് 2' എന്ന പേരിൽ ഇന്നലെ രാവിലെ മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിജിലൻസ് സംഘം നടത്തിയ പരിശോധനയെ തുടർന്നാണ് വാഹനങ്ങൾ പിടിച്ചെടുത്തത്. തിരുവനന്തപുരം കാച്ചാണി,ആലപ്പുഴ ചാരുംമൂട്,കരിമുളക്കൽ,കോട്ടയം,ഇടുക്കി,കോഴിക്കോട്, വയനാട്,കണ്ണൂർ,കാസർകോട് എന്നിവിടങ്ങളിൽ നിന്നാണ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തത്. ഇവ തുടർ നടപടികൾക്കായി അധികാരികൾക്ക് കൈമാറി. കൂടാതെ കാലാവധി കഴിഞ്ഞ പെർമിറ്റ് ഉപയോഗിച്ച് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അനധികൃതമായി മണ്ണ് ഖനനം നടത്തുന്നതായും വിജിലൻസ് കണ്ടെത്തി. മിന്നൽ പരിശോധനയെ സംബന്ധിച്ച വിശദമായ റിപ്പോർട്ട് സർ‌ക്കാരിന് കൈമാറുമെന്ന് വിജിലൻസ് ഡയറക്ടർ അനിൽകാന്ത് അറിയിച്ചു. വിജിലൻസ് ഇൻസ്‌പെക്ടർ ജനറൽ എച്ച്.വെങ്കിടേഷിന്റെ നേതൃത്വത്തിൽ നടന്ന മിന്നൽ പരിശോധനയ്ക്ക് വിജിലൻസ് ഇന്റലിജൻസ് സൂപ്രണ്ടിന്റെ ചുമതലുള്ള ഇ.എസ്.ബിജുമോൻ,വിജിലൻസ് മേഖലാ പൊലീസ് സൂപ്രണ്ടുമാരായ ജയശങ്കർ,വി.ജി.വിനോദ് കുമാർ,ഹിമേന്ദ്രനാഥ്,സജീവൻ എന്നിവർ നേതൃത്വം നൽകി.